കാക്കനാട്: വ്യവസായിയുടെ നഗ്ന ചിത്രങ്ങളെടുത്ത് പണംതട്ടിയ കേസിലെ ഒന്നും രണ്ടും പ്രതികളായ മാമംഗലം ചെറിയപട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ(37), കാക്കനാട് അത്താണി സ്വദേശി കൃഷ്ണവിലാസം കെ.എസ്. കൃഷ്ണകുമാർ(മഞ്ജീഷ് 33) എന്നിവരെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിലെ മൂന്നും നാലും പ്രതികൾ വ്യവസായിയുടെ മൂന്ന് സുഹൃത്തുക്കളുടെ വാട്സാപ്പിലേക്ക് ചിത്രങ്ങൾ അയച്ചതായി ചോദ്യംചെയ്യലിൽ ജൂലിയും കൃഷ്ണകുമാറും മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ പിടികൂടാനുളള വിവരങ്ങൾ ഇവരിൽനിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ പ്രതികൾ ബ്യൂട്ടി പാർലർ തുടങ്ങാനെന്ന പേരിൽ വാടകയ്ക്കെടുത്ത വീട്ടിൽ കഴിഞ്ഞ 27നായിരുന്നു സംഭവം.
കുറെക്കാലമായി അടുപ്പമുള്ള വ്യവസായിയെയും ബന്ധുവിനെയും ഇവിടേക്ക് വിളിച്ചുവരുത്തി കെണിയിലാക്കുകയായിരുന്നു. കഴിഞ്ഞ ആറിനാണ് ഇൻഫോപാർക്ക് സി.ഐ. അനന്തലാൽ, എസ്ഐ ഷാജു എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ അറസ്റ്റ് ചെയ്യുന്നത്.
അന്വേഷണ സംഘം നാളെ പ്രതികളുമായി പാർലർ ആരംഭിക്കാനിരുന്ന വീട്ടിൽ തെളിവെടുപ്പു നടത്തും.