കൊച്ചി: വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്തു പണം തട്ടിയ കേസില്‍ ഇനി പിടിയിലാകാനുള്ളത് ഒരാള്‍കൂടി. പ്രതികളുടെ സഹായത്തോടെ നഗ്നചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആലുവ സ്വദേശിയായ ആളെയാണ് പിടികൂടാനുള്ളതെന്ന് പോലീസ് പറഞ്ഞു.
കേസില്‍ നിലവില്‍ നാലുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാമംഗലം ചെറിയപട്ടാരപ്പറമ്പില് ജൂലി ജൂലിയന്‍ (37), കാക്കനാട് അത്താണി കൃഷ്ണവിലാസം കെ.എസ്. കൃഷ്ണകുമാര്‍ (മഞ്ജീഷ്-33) എന്നിവരെ നേരത്തെയും കാക്കനാട് കുസുമഗിരി കിളിയറ ജോയി ജോസഫ് (30 ), കാക്കനാട് അത്താണി പടന്നാക്കല്‍ ഫിജു ഫ്രാന്‍സിസ് (29 ) എന്നിവരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27നു കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ മോര് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം പ്രതികള്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനെന്ന പേരില്‍ വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു സംഭവം.
കുറേക്കാലമായി അടുപ്പമുള്ള വ്യവസായിയെയും ബന്ധുവിനെയും വിളിച്ചുവരുത്തി കെണിയിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ജോയിയും ഫിജുവിനുമെതിരേ വ്യവസായിയുടെ സുഹൃത്തിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി വിവിധ എടിഎമ്മുകളില്‍നിന്ന് 64,000 പിന്‍വലിച്ച സംഭവത്തിലും കേസുള്ളതായി അധികൃതര്‍ അറിയിച്ചു.