കണ്ണൂർ: ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ രംഗാദാബി സർക്കസിൽ കോമാളി വേഷം കെട്ടാൻ തുടങ്ങിയതിന്റെ 30 വർഷം പിന്നിടുന്ന വേളയിൽ കോമാളികൾ ഒത്തുകൂടിയപ്പോൾ കണ്ണൂരിലെ ജംബോ സർക്കസ് തന്പിനത് അപൂർവ നിമിഷങ്ങളിലൊന്നായി.
മഹാരാഷ്ട്ര മാൻമാട് ഗ്രാമത്തിലെ സാഗറും ബിഹാറിൽനിന്നുള്ള ഷാഹിദ് ഖാനും ഉത്തർപ്രദേശ് ബനാറസിലെ രാം സിംഗുമാണ് ജംബോ സർക്കസിലെ കൂടാരത്തിൽ ഒത്തുകൂടി കേക്ക് മുറിച്ച് രംഗാദാബിയുടെ സർക്കസ് ജീവിതത്തിലെ മുപ്പതാണ്ട് ആഘോഷിച്ചത്. പല നിറമുള്ള ഉടുപ്പുകളിലും മുഖത്ത് ചായം പൂശി അവർ കൂടാരത്തിലിരുന്ന് സ്വകാര്യ നൊമ്പരങ്ങളും പങ്കുവച്ചു.
കാഴ്ചക്കാരെ ചിരിപ്പിക്കുകയാണ് ഇവരുടെ തൊഴിൽ. എന്നാൽ സ്വന്തം നാട്ടിലെ അപമാനമൊന്നും ഇവിടെ തങ്ങൾക്കില്ലെന്നതാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. ബിഹാറിലെ സ്വന്തം ഗ്രാമം ഏതാണെന്നുപോലും ഷാഹിദ് ഖാന് അറിയില്ലായിരുന്നു.
ഷാഹിദ് ഖാൻ പിറന്നുവീണത് തന്നെ സർക്കസ് കൂടാരത്തിലായിരുന്നു. സർക്കസ് കലാകാരന്മാരായ മാതാപിതാക്കളുടെ കൂടാരത്തിൽനിന്നു മറ്റൊരു കൂടാരത്തിലേക്കുള്ള യാത്രകളിൽ അവരുടെ വിരലിൽ തൂങ്ങി ഷാഹിദ് ഖാനുമുണ്ടായിരുന്നു. പക്ഷേ പിതാവിന്റെ മരണത്തോടെ രണ്ടടി മാത്രം പൊക്കമുള്ള ഷാഹിദ് ഖാനും അമ്മയും തനിച്ചായി.
പിന്നീടങ്ങോട്ട് ഒന്നും നോക്കിയില്ല. കോമാളി വേഷമിട്ട് ചിരിയുടെ കുട ചൂടി കുടുംബത്തെ സംരക്ഷിക്കാൻ ഷാഹിദ് ഖാന് തയാറാകേണ്ടിവന്നു. ജനനം മുതൽ ജംബോ സർക്കസിന്റെ ഭാഗമാണ്. 39 വയസുള്ള സാഗർ 21 വർഷമായി ജംബോ സർക്കസിലെ സ്ഥിരം കോമാളിയാണ്.
സാഗർ 21 വർഷവും രാംസിംഗ് 14 വർഷവുമായി ജംബോ സർക്കസിലാണ്. എത്യോപ്യൻ കലാകാരൻമാരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. സാമ്മൽ ഗബ്രിഗ്സാബെഹർ ഹാദുഷ് (24), ഡാനിയേൽ സെലേഷി കിടാവ് (23), നാറ്റ്നേൽ വെൻഡമു അയ്ലെ (21) എന്നീ കലാകാരൻമാർ ലാഡർ ബാലൻസ്, യൂണി സൈക്കിളിംഗ്, റോളർ ബാലൻസ് തുടങ്ങിയ പ്രകടനങ്ങൾ അവതരിപ്പിക്കുന്നു.
ജംബോ സർക്കസ് 19 ന് സമാപിക്കും.