ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ലഷ്കർ ഇ തൊയ്ബ പ്രാദേശിക കമാൻഡർ ജുനൈദ് അഹമ്മദ് മാട്ടുവിന്റേതടക്കം മൂന്നു തീവ്രവാദികളുടെ മൃതദേഹം സൈന്യം കണ്ടെടുത്തു.
അനന്ത്നാഗിനടുത്തുള്ള അര്വാണിയില്നിന്നാണു മൃതദേഹങ്ങൾ ലഭിച്ചത്. ജുനൈദ് അഹമ്മദ് മാട്ടുവിനെ കൂടാതെ അദിൽ മുഷ്താഖ് (18), നിസാർ അഹമ്മദ് വാനി(20) എന്നിവരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെടുത്തു. നിസാർ അഹമ്മദ് വാനി ഷോപ്പിയാനിലും ആദിൽ മുഷ്താഖ് പാംപോറിലുമാണ് പ്രവർത്തിച്ചിരുന്നത്. ഇവരിൽ നിന്ന് എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
മാട്ടുവിന്റെ മരണത്തിൽ പ്രതിഷേധിച്ചു കൂടുതൽ തീവ്രവാദി ആക്രമണമുണ്ടാകുവാനുള്ള സാധ്യതയും വിഘടനവാദികളുടെ ചെറുത്തുനിൽപ്പിനുള്ള സാധ്യതയും പരിഗണിച്ച് അനന്തനാഗ്, കുൽഗാം, പുൽവാമ, പാംപോർ എന്നിവിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. രണ്ടു വർഷത്തിലേറെയായി കാഷ്മീരിൽ ഭീകരപ്രവർത്തനം നടത്തിവന്നിരുന്ന മാട്ടുവിന്റെ തലയ്ക്ക് 10 ലക്ഷം രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു.
കാഷ്മീരിലെ ഖുദ്വാമിയില്നിന്നുള്ള മാട്ടുവും കൂട്ടാളികളും ഒളിത്താവളത്തിലിരിക്കെയാണു സൈന്യം വളഞ്ഞത്. ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദിയായിരുന്ന ബുർഹാൻ വാനിയുടെ വധത്തിനു ശേഷമാണു ജുനൈദ് മാട്ടുവും സംഘവും തുടർച്ചയായി ആക്രമണങ്ങൾ നടത്തിയത്. ആറു മാസത്തിനിടെ കാഷ്മീരിലുണ്ടായ മിക്ക തീവ്രവാദി ആക്രമണങ്ങളുടെയും പിന്നിൽ ജുനൈദ് അഹമ്മദ് മാട്ടുവായിരുന്നു. ഒരുവർഷത്തിനിടെ സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ കൊടും ഭീകരനാണ് മാട്ടു.
കഴിഞ്ഞ വര്‍ഷം സൈന്യം വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയാണ് ആദ്യത്തെയാള്‍. പിന്നാലെ സബ്സര്‍ അഹമ്മദ് ഭട്ടിനെയും സൈന്യം വധിച്ചു. മേയ് 27ന് കൊല്ലപ്പെട്ട ബുർഹാൻവാനിക്കു ശേഷം ഹിസ്ബുൾ മുജാഹിദിന്റെ കമാൻഡർ പദവി ഏറ്റെടുത്തയാളാണ്.
18-ാം വയസില്‍ ലക്ഷർ ഇ തൊയ്ബയിൽ ചേർന്നു ഭീകരപ്രവര്‍ത്തനം ആരംഭിച്ച മാട്ടു സൈന്യത്തിനു വലിയ തലവേദനയായിരുന്നു.
മാട്ടുവിനെ വധിച്ചതു കടുത്ത പോരാട്ടത്തിനൊടുവിൽ
ജമ്മു: കൃത്യമായ വിവരത്തെത്തുടര്‍ന്ന് പോലീസ്, സൈന്യത്തിലെ ആര്‍ആര്‍1 വിഭാഗം, സിആര്‍പിഎഫ് 90 ബറ്റാലിയന് എന്നിവ സംയുക്തമായി നടത്തിയ പോരാട്ടത്തിലാണ് ജുനൈദ് മാട്ടുവിനെയും സംഘത്തെയും വധിച്ചത്. അനന്ത്നാഗിലെ ബിജ്ബിഹാരിലുള്ള അര്‍വാനി ഗ്രാമത്തിലെ വീട്ടില്‍ അഭയാര്‍ഥികളായി കഴിയുകയായിരുന്നു കൊല്ലപ്പെട്ട മൂന്നു പേരും. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഒരു വീട്ടില്‍ മൂന്നു ഭീകരര്‍ ഒളിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നു സൈന്യവും പോലീസും വീടു വളഞ്ഞു തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ, സൈന്യത്തിനു നേരേ തീവ്രവാദികൾ വെടിവച്ചതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. എട്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് മട്ടുവിനെയും സംഘത്തെയും സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. നായിക് ഭക്തവാര്‍ സിംഗാണു വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിനെത്തുടർന്നു സൈന്യത്തിനെതിരേ പ്രദേശവാസികളിൽ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. സൈന്യത്തിനു നേരേ വൻതോതിൽ കല്ലേറുണ്ടായതിനെത്തുടർന്നു സൈന്യം കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. സംഘര്‍ഷത്തില്‍ രണ്ടു കാഷ്മീരി പൗരന്മാർ കൊല്ലപ്പെട്ടു. സൈനിക ഓപ്പറേഷനില്‍ ഒമ്പതു വീടുകള്‍ക്കു സാരമായ തകരാർ സംഭവിച്ചു. കൂടുതൽ തീവ്രവാദികൾക്കായി സൈന്യം തെരച്ചിൽ നടത്തിവരികയാണ്. പ്രദേശവാസികളുടെ ചെറുത്തുനിൽപ്പ് ഇപ്പോഴും തുടരുകയാണ്. ഇതേത്തുടർന്ന് അനന്ത്നാഗിലെ ബിജ്ബിഹാരയിലുള്ള അര്‍വാനിയിൽ കർഫ്യൂ പ്രഖ്യപിച്ചിരിക്കുകയാണ്.
ജുനൈദ് മാട്ടുവിനും സംഘത്തിനും നേരേ ആക്രമണം നടന്ന അതേ സമയത്തുതന്നെ ജമ്മുവിലെ അച്ചാബെല് പോലീസ് സ്റ്റേഷനു നേരെ തീവ്രവാദി ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ സ്റ്റേഷന് ഹൗസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. പോലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ഫിറോസ് അഹമ്മദ്(32), കോൺസ്റ്റബിൾമാരായ ഷാരിക് അഹമ്മദ്, തൻവീർ അഹമ്മദ്, ഷേരാസ് അഹമ്മദ്, അസിഫ് അഹമ്മദ്, സബ്സർ അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്. ഭീകരർക്കെതിരേ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയ ശേഷമാണു പോലീസുകാർ വീരമൃത്യു വരിച്ചത്. പോലീസുകാരുടെ മുഖം വികൃതമാക്കിയ ശേഷം ആയുധങ്ങളുമായാണു ഭീകരർ കടന്നുകളഞ്ഞത്.
24 മണിക്കൂറിനിടയില്‍ ജമ്മുവിലുണ്ടായ വ്യാപക അക്രമസംഭവങ്ങളിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കടുത്ത ദുഃഖം രേഖപ്പെടുത്തി.