തിരുവില്വാമല: അങ്കവാടിയിലേക്ക് കുട്ടികളെ കൊണ്ടുചെന്നാക്കാൻ ജുറാസിക് പാർക്കിലെ പോലെയുള്ള കാട് താണ്ടേണ്ട ഗതികേടിലാണ് മലേശമംഗലത്തുള്ളവർ. പുതിയ അധ്യയനവർഷം തുടങ്ങുന്പോൾ ശിവജി നഗർ അങ്കണവാടിയിലേക്ക് കുരുന്നുകൾക്ക് പോകാൻ പേടിയാണ്. അവരെ കൊണ്ടുചെന്നാക്കാൻ രക്ഷിതാക്കൾക്കും പേടിയുണ്ട്.
ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ പലതു പിന്നിട്ടിട്ടും വനാതിർത്തിയിലുള്ള ഈ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റാനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇവിടെ ഒരുക്കിയിട്ടില്ല. ഇവിടേക്ക് എത്താനുള്ള വഴിയും സുരക്ഷിതമല്ല. ഒറ്റപ്പെട്ട ഈ പ്രദേശത്തേക്ക് പോകാൻ ഏറെദൂരം കാട്ടിലൂടെ പോകണം.
കാട്ടുമൃഗങ്ങളിറങ്ങാൻ സാധ്യതയുള്ളതും ധാരാളം ഇഴജന്തുക്കളുള്ളതുമായ കാട്ടുപാതയിലൂടെ കുട്ടികളെയും കൊണ്ടുപോകാൻ രക്ഷിതാക്കളും ധൈര്യപ്പെടുന്നില്ല. ഈ അങ്കണവാടിയിലേക്ക് കുട്ടികളെ വിടേണ്ടെന്ന് പലരും നിശ്ചയിച്ചിട്ടുണ്ട്. കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവുമില്ലാത്തതും ചുറ്റുമതിൽ കെട്ടാത്തതും പരിഹാരം കാണേണ്ട പ്രശ്നങ്ങളാണ്. ശിവജി നഗർ കോളനിയിലുള്ള കൃഷിവകുപ്പിന്റെ കെട്ടിടത്തിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. ഇവിടെ തന്നെ പ്രവർത്തിക്കാൻ സൗകര്യമൊരുക്കാമായിരുന്നിട്ടും അതിനു പകരം കാട്ടിൽ അംഗൻവാടി ഒരുക്കിയതിന് പിന്നിൽ ചിലരുടെ താത്പര്യങ്ങളാണെന്ന് യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.കെ.കൃഷ്ണകുമാർ പറഞ്ഞു.