പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ജൂണിയർ അസിസ്റ്റന്റ് തസ്തികയിൽ കെ എസ് ആർ ടി സി ദിവസ വേതനാടിസ്ഥാനത്തിൽ നിയ മനം നടത്തുന്നു. വിവിധ യൂണിറ്റുകളിലെ ടിക്കറ്റ് ആന്റ് കാഷ് കൗണ്ടറുകളിലേയ്ക്കാണ് നിയമനം.
ഇരുന്നൂറിലധികം പേരെയാണ് ഈ തസ്തികയിലേയ്ക്ക് നിയമിക്കുന്നതെന്നറിയുന്നു. നിയമനം ലഭിച്ചവർ 16 – ന് ചുമതലയേല്‍ക്കണമെന്നാണ് അറിയിപ്പ്. അതേസമയം നിയമനത്തിനുള്ള മാനദണ്ഡം സ്വാധീനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
യൂണിറ്റുകളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. നിരവധി എംപാനൽകാർ ജോലി ചെയ്തിരുന്നു.
കോടതി ഉത്തരവിനെ തുടർന്ന് ഇവരെ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ആറ് മാസമായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയാണ് താത്ക്കാലികാടിസ്ഥാനത്തിൽ അദർ ഡ്യൂട്ടിയായി ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിൽ നിയോഗിച്ചിരുന്നത്.
ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിൽ ജോലി ചെയ്യുന്ന എല്ലാ മെക്കാനിക്കൽ ജീവനക്കാരും മാതൃ വിഭാഗമായവർക്ക് ഷോപ്പു കളിലേക്ക് 16 – നകം റിപ്പോർട്ട് ചെയ്യണമെന്നും ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരി ഇന്നലെ ഉത്തരവിറക്കി.
ശബരിമല മണ്ഡല കാല തീർത്ഥാടനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ബദലി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.
ജീവനക്കാർ അധികമാണെന്ന് മാനേജ്മെന്റ് വാദിക്കുമ്പോഴും , ആവശ്യത്തിന് ജീവനക്കാരില്ല എന്ന അവസ്ഥയാണ്. ദിവസ വേതനക്കാരെയും ബദലി ജീവനക്കാരെയും നിയമിക്കുന്നത് അതിന്റെ തെളിവാണ്.
2015-ൽ 42000 ജീവനക്കാരും 6300 ബസുകളും 5000 ൽ അധികംസർവീസുകളുമുണ്ടായിരുന്നു. ഇപ്പോൾ 26000 ജീവനക്കാരും 5000 ത്തോളം ബസുകളും 3400 ഓളം സർവീസുകളുമായി കുറഞ്ഞിരിക്കുകയാണ്.