കോവൈ (കോയന്പത്തൂർ): ജൂണിയർ ഇന്ത്യ ഇന്നു മുതൽ ട്രാക്കിലും ഫീൽഡിലുമായി പോരിനിറങ്ങും. 16-ാമത് ഫെഡറേഷൻ കപ്പ് ദേശീയ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിന് ഇന്നു കൊടിയേറും. കോവൈ നെഹ്റു സ്റ്റേഡിയത്തിലാണ് ഭാവി ഇന്ത്യൻ താരങ്ങളുടെ രക്തത്തിളപ്പിനു വേദിയൊരുങ്ങുന്നത്. ഞായറാഴ്ചയാണ് ചാന്പ്യൻഷിപ്പ് അവസാനിക്കുക. ആദ്യ ദിനമായ ഇന്ന് 11 ഫൈനലുകൾ നടക്കും.
കേരളത്തിന് 58 അംഗ (29 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും) ടീമാണുള്ളത്. കഴിഞ്ഞ വർഷം ലക്നോവിൽ നടന്ന ചാന്പ്യൻഷിപ്പിൽ കേരളത്തിന് നാലാമത് എത്താനേ സാധിച്ചുള്ളൂ. ഉത്തർപ്രദേശിനായിരുന്നു കിരീടം. ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്നാണ് കേരള സംഘത്തിന്റെ കണക്കുകൂട്ടൽ.
റിയോ ഒളിന്പിക്സിൽ പങ്കെടുത്ത മലയാളികളുടെ അഭിമാനമായ ജിഷ മാത്യു കേരളത്തിനായി ഇന്നു കളത്തിലിറങ്ങും. ജിഷയുടെ ഇനമായ 400 മീറ്റർ ഹീറ്റ്സ് ഇന്നാണ്. സീനിയർ താരങ്ങൾക്കൊപ്പം മത്സരിക്കുന്ന ജിഷ, പി.ടി. ഉഷ അക്കാഡമിയുടെ സ്വന്തം താരമാണ്. ഭുവനേശ്വറിൽ കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ജിഷ വെങ്കലം നേടി ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന ജൂണിയർ ലോകചാന്പ്യൻഷിപ്പിൽ മെഡൽ നേടുകയാണ് ജിഷയുടെ ലക്ഷ്യമെന്ന് പി.ടി. ഉഷ പറഞ്ഞു.
അടുത്ത മാസം നടക്കുന്ന മൂന്നാമത് ജൂണിയർ ഏഷ്യൻ അത്ലറ്റിക്സിനുള്ള യോഗ്യതകൂടിയാണ് ഇന്നാരംഭിക്കുന്ന ഫെഡറേഷൻ കപ്പ്. ജൂണിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പിനുള്ള ടിക്കറ്റും ഫെഡറേഷൻ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ജിഷയേപ്പോലെ കണ്ണൂരിന്റെ മറ്റൊരു താരമായ അഭിഷേക് മാത്യുവും കേരളത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ യൂത്ത് ചാന്പ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണം നേടിയ താരമാണ് അഭിഷേക്. 1:53:99 സെക്കൻഡിലായിരുന്നു അന്ന് അഭിഷേക് സ്വർണം നേടിയത്.
പഞ്ചാബിന്റെ ഹാമർത്രോ താരമായ ധംനീത് സിംഗിനെയും കായിക ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ വർഷം അണ്ടർ 18 ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടിക്കൊണ്ട് ധംനീത് തന്റെ പേര് റിക്കാർഡ് ബുക്കിൽ ചേർത്തതാണ്. അണ്ടർ 18 ലോകചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമാണ് ഈ പഞ്ചാബുകാരൻ.