ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. ഫ്ളഡ്ലിറ്റിന്റെ വെള്ളിവെളിച്ചത്തില്‍ കുളിച്ച ട്രാക്ക്, ആകാംക്ഷയോട ഗാലറികള്‍. കിരീടധാരണം ആഘോഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആചാര്യ നാഗാര്‍ജുന സ്റ്റേഡിയത്തില്‍ സജ്ജമായിരുന്നു.എന്നാല്‍ കണ്ണീരില്‍ കുതിര്‍ന്ന് മടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ 23-ാം കിരീടമെന്ന കേരള മോഹത്തിന് ഹരിയാനയുടെ വക ഷോക് ട്രീറ്റ്മെന്റ്.
അവസാന ദിവസം വരെ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവില്‍ 408 പോയിന്റോടെയാണ് ഹരിയാന ജൂണിയര്‍ മീറ്റിന്റെ അവകാശികളായത്. റണ്ണേഴ്സ് അപ്പായ കേരളത്തിന്റെ സമ്പാദ്യം 400 പോയിന്റിലൊതുങ്ങി. പതിവു മൂന്നാംസ്ഥാനക്കാരായ തമിഴ്നാടിനെ ഞെട്ടിച്ച ഉത്തര്‍പ്രദേശ് (340) കരുത്തുറ്റ സാന്നിധ്യമായി. അവസാനദിനം കേരളത്തിന്റെ അക്കൗണ്ടിലെത്തിയത് അഞ്ചു സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവുമാണ്.
കോയമ്പത്തൂരിലെ കഴിഞ്ഞവര്‍ഷത്തെ മെഡല്‍ നേട്ടം (18-18-23) മറികടക്കാന്‍ കേരളത്തിനായി. ഇത്തവണ 24 സ്വര്‍ണവും 17 വെള്ളിയും 18 വെങ്കലവുമാണ് സമ്പാദ്യം. ഹരിയാനയാകട്ടെ 27 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും നേടി ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാക്കി. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ബാനറില്‍ മത്സരിക്കാനിറങ്ങിയ മലയാളി താരം ജിസ്ന മാത്യു അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച താരമായത് നിരാശയിലും സന്തോഷം പകരുന്നതായി. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ (99 പോയിന്റ്) ഉള്‍പ്പെടെ നാലു വിഭാഗത്തില്‍ ടീം ചാമ്പ്യന്‍ഷിപ്പ് കേരളത്തിനാണ്. പെണ്‍കുട്ടികളുടെ അണ്ടര്‍ 16,18,20 വിഭാഗങ്ങളിലാണ് കേരളം ടീം ചാമ്പ്യന്‍ഷിപ്പ് നേടിയത്.
നിര്‍ണായകമായത് റിലേ
നാലാംദിവസം റിലേയില്‍ കരുത്തുകാട്ടിയ കേരളത്തിന് അവസാന ദിനം പിഴച്ചു. 4-400 മീറ്ററിലെ രണ്ട് റിലേ ഇനങ്ങള്‍ മാത്രം അവശേഷിക്കെ കേരളവും ഹരിയാനയും തമ്മിലുള്ള പോയിന്റ് വ്യത്യാസം പത്തില്‍ താഴെയായിരുന്നു. ഇതോടെ ചാമ്പ്യന്‍ഷിപ്പ് കേരളത്തിന് തന്നെയെന്ന പ്രതീതി പരക്കുകയും ചെയ്തു. റിലേയില്‍ മുന്‍കാലങ്ങളില്‍ കേരളത്തിനുള്ള ആധിപത്യം തന്നെയായിരുന്നു ആ വിശ്വാസത്തിന് കാരണം. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതാണ് പിന്നീട് കണ്ടത്. ആണ്‍കുട്ടികളുടെ റിലേ പൂര്‍ത്തിയായപ്പോള്‍ എം.എസ്. ബിബിന്‍-ലിബിന് ഷിബു-ഷെറിന് മാത്യു-എ. റഷീദ് എന്നിവരടങ്ങിയ ടീമിന് വെങ്കലം മാത്രം. അതും കുഴപ്പമില്ലായിരുന്നു.
സ്വര്‍ണം നേടിയത് ഹരിയാന അല്ലായിരുന്നെങ്കില്‍. അവസാന ലാപ്പിന്റെ പകുതി സമയം വരെ രണ്ടാമതായിരുന്ന കേരളത്തെ വീഴ്ത്തി ഡല്‍ഹി വെള്ളി സ്വന്തമാക്കിയതോടെ ചാമ്പ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ തീരുമാനമായി. മലയാളി വേരുകളുള്ള അമോജ് ജേക്കബിന്റെ കരുത്തിലായിരുന്നു ഡല്‍ഹിയുടെ കുതിപ്പ്. തൊട്ടുപിന്നാലെ ലിനെറ്റ് ജോര്‍ജ്, അന്‍സ ബാബു, അബിഗേല്‍ ആരോഗ്യനാഥ്, അബിത മേരി മാനുവേല്‍ എന്നിവരടങ്ങിയ പെണ്‍പട സ്വര്‍ണം നേടിയെങ്കിലും എട്ടു പോയിന്റിന്റെ ലീഡോടെ ഹരിയാന ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സി. ബബിതയുടെ വെങ്കലത്തോടെയാണ് കേരളം അവസാന ദിനം തുടങ്ങിയത്. എന്നാല്‍ ഈ ഇനത്തില്‍ അനുമോള്‍ തമ്പിക്ക് അഞ്ചാമതെത്താനേ സാധിച്ചുള്ളു.
ആന്‍സി സോജനാണ് അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ ആദ്യം സ്വര്‍ണത്തില്‍ മുത്തമിട്ടത്. 200 മീറ്ററില്‍ 24.75 സെക്കന്‍ഡിലായിരുന്നു നേട്ടം. തൊട്ടുപിന്നാലെ അഭിഷേക് മാത്യു അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ 1:52.84ല്‍ രണ്ടാം സ്വര്‍ണത്തിന് അവകാശിയായി. ഇതേ ഇനത്തില്‍ പെണ്‍കുട്ടികളില്‍ അബിത മേരി മാനുവലും സ്വര്‍ണം നേടി. 2:08.90 മിനിറ്റിലായിരുന്നു ഉഷയുടെ ശിഷ്യ ഒന്നാമതെത്തിയത്.
അണ്ടര്‍ 20 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ബിബിന്‍ ജോര്‍ജാണ് (9:28.22) അവസാന വ്യക്തിഗത സ്വര്‍ണത്തിന്റെ ഉടമ. ആണ്‍കുട്ടികളില്‍ എന്‍. അനസ് (ട്രിപ്പിള്‍ ജംപ്, അണ്ടര്‍ 20 ), അബിന്‍ സാജന് (അണ്ടര്‍ 16 800 മീറ്റര്‍) എന്നിവരും എ.എസ്. സാന്ദ്ര (അണ്ടര്‍ 16 800 മീറ്റര്‍) ജി. ഗായത്രി (അണ്ടര്‍ 18 സ്റ്റീപ്പിള്‍ചേസ്) എന്നിവര്‍ പെണ്‍കുട്ടികളിലും വെള്ളി നേടി. ട്രിപ്പിള്‍ ജംപില്‍ ബോബി സാബു (അണ്ടര്‍ 20), എ. അജിത്ത് (അണ്ടര്‍ 18) എന്നിവരാണ് മറ്റു വെങ്കല ജേതാക്കള്‍.
വിജയവാഡയില്‍ നിന്ന് എം.ജി. ലിജോ