ലുധിയാന: 69-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ആണ്‍കുട്ടികൾ സ്വർണം കരസ്ഥമാക്കി. 32 വർഷത്തിനുശേഷമാണ് കേരളം ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ചാന്പ്യന്മാരാകുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രാജസ്ഥാനെ കീഴടക്കിയാണ് കേരളം സുവർണനേട്ടം സ്വന്തമാക്കിയത്. 108-101നായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിനായി ഷനാസിൽ മുഹമ്മദ് 29ഉം ചാക്കോ സൈമണ്‍ 26ഉം മുജീബ് സാലിഹ് 19ഉം ക്യാപ്റ്റൻ സെജിൻ മാത്യു 15ഉം പോയിന്റ് വീതം സ്വന്തമാക്കി.
അതേസമയം, പെണ്‍കുട്ടികളുടെ ഫൈനലിൽ കേരളം പരാജയപ്പെട്ടു. തമിഴ്നാടാണ് കേരളത്തെ കീഴടക്കിയത്. സ്കോർ: 77-58. കേരളത്തിനായി ഐശ്വര്യ 17ഉം പ്രതിഭ പ്രിയ 15ഉം എസ്. പുഷ്പ 14ഉം ദർശിനി 13ഉം മോണിക്ക 10ഉം പോയിന്റ് വീതം നേടി.
സെമിയിൽ ആണ്‍കുട്ടികൾ പഞ്ചാബിനെയാണ് കീഴടക്കിയത്. 85-69നായിരുന്നു കേരളത്തിന്റെ ജയം. പെണ്‍കുട്ടികൾ കർണാടകയെ 68-66ന് സെമിയിൽ മറികടന്ന് ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.