കാസര്ഗോഡ്: ഒരു ഡസനിലധികം ഭാര്യമാര്, പേരില് കൊലക്കേസ് ഉള്പ്പെടെയുള്ള നിരവധി കേസുകള്. വൈക്കം സ്വദേശി രതീഷിനെ ജൂണിയര് ബണ്ടിച്ചോര് എന്നു വിളിക്കാന് കാരണവും ഇതൊക്കെത്തന്നെയാണ്. വിവിധ ജില്ലകളിലായി ഒരു ഡസനിലേറെ യുവതികളെ ഭാര്യമാരാക്കിയുള്ള സുഖ ജീവിതത്തിനിടയിലാണ് രതീഷ് പൊലീസ് പിടിയിലായത്. കാഞ്ഞങ്ങാടിനടുത്ത മലയോര കേന്ദ്രമായ പാണത്തൂരില് വെച്ച് പിടിയിലാകുമ്പോഴും രതീഷിനൊപ്പം ഒരു യുവതി ഉണ്ടായിരുന്നു. നിരവധി കവര്ച്ചകള്ക്കു പുറമേ വധ ശ്രമകേസുകളും സ്പിരിട്ട്, ചന്ദനം, എന്നീ കള്ളക്കടത്ത് നടത്തിയ കേസുകളിലും പ്രതിയാണ് ബണ്ടിച്ചോര് എന്ന പേരിലറിയപ്പെടുന്ന രതീഷ്.
ഇരുപത് വര്ഷങ്ങള്ക്ക് മുമ്പാണ് രതീഷ് കാസര്ഗോഡ് ജില്ലയിലെ പാണത്തൂരിലെത്തിയത്. വെള്ളരിക്കുണ്ടിനടുത്ത മാലോത്ത് ആയിരുന്നു താമസമാരംഭിച്ചത്. ആദ്യമാദ്യം നാട്ടുകാരോട് വളരെ സൗഹൃദത്തിലായിരുന്നു രതീഷ്. പിന്നീട് രതീഷിനെതിരെയുള്ള ഒരു കേസില് സാക്ഷി പറയാന് പോയ മാലോം പൂവത്ത് മൊട്ടയിലെ നാരായണനെ പട്ടാപ്പകല് കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്ഡില് വെച്ച് കൊലപ്പെടുത്തിയതോടെയാണ് രതീഷിലെ ക്രിമിനലിനെ നാട്ടുകാര് തിരിച്ചറിഞ്ഞത്.
കൊലക്കേസില് കുറ്റ വിമുക്തനായ രതീഷ് ഇടയ്ക്കിടെ നാട്ടില് നിന്നു മുങ്ങാറുണ്ടായിരുന്നു. കുറേ ദിവസങ്ങള്ക്കു ശേഷമാണ് തിരിച്ചെത്താറുള്ളത്. ഇതിനിടയിലാണ് വടക്കേ മലബാര് ഒഴിച്ച് മറ്റ് ജില്ലകളില് ഇയാള് കവര്ച്ച നടത്തിയതെന്ന് പൊലീസിന് അറിവായിട്ടുണ്ട്. ചാലക്കുടിക്കടുത്തുകൊരട്ടി ദേശീയപാതയില് മിന്സാ ഫുഡ് മാര്ട്ടില് നിന്നും ഇക്കഴിഞ്ഞ 15 ാം തീയ്യതി 1,20,000 രൂപ മോഷ്ടിച്ച കേസിലാണ് രതീഷ് പിടിയിലാവുന്നത്. അതോടയാണ് കോട്ടയക്കാരനായ ഇയാള് ജൂനിയര് ബണ്ടിച്ചോര് ആണെന്ന് കാസര്ഗോഡ് ജില്ലയിലെ ജനങ്ങള് അറിയുന്നത്. കൊരട്ടി വ്യാപാരി സമുച്ചയത്തിലെ സി.സി.ടി.വി.യില് പതിഞ്ഞ ദൃശ്യങ്ങള് പൊലീസ് പരിശോധിച്ചപ്പോഴാണ് മങ്കിക്യാപ്പ് വെച്ചയാളാണ് പ്രതിയെന്ന് കണ്ടെത്തിയത്.
മങ്കി ക്യാപ്പ് വച്ചാണ് ഇയാള് ഒട്ടുമിക്ക കവര്ച്ചകളും നടത്തിയിട്ടുള്ളത്. കേസുകളിലെ ഈയൊരു സമാനതയാണ് ഇയാളെ കുടുക്കിയത്. ചാലക്കുടി എസ്.ഐ. സുബീഷ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്നെ രതീഷിനെ നിരീക്ഷിക്കുകയായിരുന്നു. എറണാകുളത്ത് ഒരു കേസിന് രതീഷ് എത്തുമെന്ന അറിവ് ലഭിച്ചതോടെ പൊലീസ് ഇയാളെ പിന്തുടര്ന്നു. കേസ് കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയ രതീഷീനെ മാലോം വരെ പൊലീസ് ഒപ്പം കൂടി. പാണത്തൂരിലെ വീട്ടിലെത്തിയ ഉടന് ഇയാളെ പൊലീസ് പിടികൂടി. മുറി പരിശോധിച്ചപ്പോള് ഒട്ടേറെ തെളിവുകളും ലഭിച്ചു. അതോടെ ചാലക്കുടി കേസിലെ പ്രതി ഇയാളാണെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. മുറിയില് നിന്നും മങ്കിക്യാപ്പ് ഉള്പ്പെടെയുള്ള സാമഗ്രികളും കണ്ടെത്തി.
കേരളത്തിലെ എല്ലാ ജില്ലകളിലൂമായി 250 ഓളം കള്ളക്കടത്ത് കവര്ച്ചാ കേസുകള് രതീഷിന്റെ പേരിലുണ്ട്. മാത്രമല്ല തെളിയിക്കപ്പെടാത്ത ഏഴ് കേസുകള് കൂടി ചോദ്യം ചെയ്യലില് രതീഷ് സമ്മതിച്ചു. രതീഷിനെക്കുറിച്ചുള്ള വിശദ വിവരങ്ങള് കേരളത്തിലെ മുഴുവന് പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചിരിക്കയാണ്. ചാലക്കുടി കോടതി റിമാന്ഡ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യാന് പൊലീസ് കസ്റ്റഡിയില് വാങ്ങും. എന്നാല് താമസിക്കുന്ന മാലോത്ത് ഇയാള് വലിയ പ്രശ്നക്കാരനായിരുന്നില്ല. ദേശവാസികള് അറിയാത്ത കൊടും ക്രിമിനലായ ഇയാള് നിരവധി യുവതികളെയാണ് വഴിയാധാരമാക്കിയതെന്ന വിവരവും ഇപ്പോള് പുറത്തു വരുന്നത്.