ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന് ശിവരാജ്. സെറ്റിലെത്തിയപ്പോള്‍ നീ കൊള്ളാം, സെന്ററില്‍ നില്ക്കെന്നു ഡയറക്ടര്‍.
അഭിനയമോഹം പരസ്യമായി, ശിവരാജിന് മോട്ടിവേഷനായി. പ്ലസ്ടുവിലെത്തിയപ്പോഴേക്കും ഒന്നു തീര്‍ച്ചപ്പെടുത്തി… എങ്ങനെയെങ്കിലും നടനാകണം. പതിറ്റാണ്ടിനിപ്പുറം മിഥുന് മാനുവലിന്റെ ഓസ്ലറില് ജഗദീഷിന്റെ ചെറുപ്പം സൂപ്പറാക്കിയ പകിട്ടില്‍ ശിവരാജ് പുതുതാരനിരയില്. ശിവരാജ് രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
ആക്ട് ലാബ്
സിനിമയോടുള്ള ആഗ്രഹം ആളിക്കത്തിച്ചത് സജീവ് നമ്പിയത്തിന്റെ ആക്ട് ലാബാണ്. അവിടെ നാടകങ്ങള്‍ ചെയ്തപ്പോള്‍ അഭിനയം സീരിയസായി. കഥാപാത്രത്തിലൂടെ എങ്ങനെ കടക്കാമെന്നു പഠിച്ചു. പല കഥാപാത്രങ്ങളിലൂടെ നടന്റെ വേര്‍ഷന്‍സ് തിരിച്ചറിഞ്ഞു. അഭിനയത്തിന്റെ സുഖമറിഞ്ഞു. സിനിമ എന്നെക്കൊണ്ടു പറ്റും, ഇറങ്ങിത്തിരിക്കാമെന്നായി.
ഓഡിഷനിലൂടെ ‘എന്നു നിന്റെ മൊയ്തീനി’ല്‍ ചെറിയ വേഷം. പൃഥ്വിരാജിന്റെ ടീമില്‍ ഒരാളായി. സാജന് കെ. മാത്യുവിന്റെ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’യില്‍ അസി.ഡയറക്ടറായി. എ.കെ. വിനോദ് സംവിധാനം ചെയ്ത പരസ്യങ്ങളിലും പ്രമോദ് മോഹന്റെ ചാനല്‍ ഷോയിലും അസോസിയേറ്റായി. പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ഒരായിരം കിനാക്കളാല്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ്. സിനിമയുടെ ടെക്നിക്കല്‍ അറിവുകള്‍ നേടിയത് ഇവരില്‍നിന്നൊക്കെയാണ്. ആദ്യകാലത്തെ അതിജീവനത്തിനു തുണയായതും ഇവരാണ്.
തുറമുഖം, ആഹാ
ഒരു ഘട്ടത്തില്‍ അഭിനയം മതിയെന്ന് ഉറപ്പിച്ചു. രാജീവ് രവി നിര്‍മിച്ചു ഗോപന് ചിദംബരം സംവിധാനം ചെയ്ത തുറമുഖം നാടകത്തിലെത്തി. 1968ല്‍ അദ്ദേഹത്തിന്റെ അച്ഛന് കെ.എം. ചിദംബരം എഴുതിയ നാടകത്തില്‍ ജപ്പാന് മൊയ്തു എന്ന മെയിന്‍ ലീഡ് കാരക്ടര്‍. ആ വേഷമാണ് പിന്നീടു തുറമുഖം സിനിമയില്‍ നിവിന്‍ ചെയ്തത്. തുറമുഖം സിനിമയിലാണ് എന്റെ ആദ്യത്തെ കഥാപാത്രം. നിവിന്റെ സുഹൃത്ത് ജര്‍മന്‍ ബാവ എന്ന വേഷം.
ബിബിന്‍ പോള്‍ സാമുവലിന്റെ ആഹായിലെത്തിയതും ഓഡിഷനില്‍. പൊള്ള, അതായിരുന്നു കഥാപാത്രം. പടത്തിനുവേണ്ടി വടംവലി പരിശീലിച്ചു. അതിനിടെ, സിബി മലയിലിന്റെ ‘കൊത്തി’ലും വേഷം. ഷൂട്ടിനിടെ പരിക്കേറ്റ് വിശ്രമത്തിലുമായി. സാങ്കേതിക കാരണങ്ങളാല്‍ സീനുകള്‍ സിനിമയില്‍ വന്നില്ല. പിന്നീടു ദീപു അന്തിക്കാടിന്റെ ‘നാലാം മുറ’യില്‍. സിനിമകളിലെ ഗ്യാപ്പില്‍ ആക്ട് ലാബിലെ നാടകങ്ങളിലും ക്ലാസുകളിലും അസിസ്റ്റ് ചെയ്തിരുന്നത് ഊര്‍ജമായി.
ജൂനിയര്‍ സേവി
ഓസ്ലറിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയിയാണ് മിഥുനുമായി കൂടിക്കാഴ്ചയൊരുക്കിയത്. ജഗദീഷുമായി എവിടയോ രൂപസാദൃശ്യമുണ്ടെന്ന കണ്ടെത്തലിലാണ് ജൂനിയര്‍ സേവിയാകാന് വിളിച്ചത്. ജഗദീഷിന്റെ ചെറുപ്പമാണ് വേഷമെന്നു കേട്ടതോടെ ത്രില്ലിലായി.
കഥാപാത്രം ജൂനിയര്‍ ഡോക്ടറാണ്. സ്ക്രിപ്റ്റ് വായിച്ചു. പെര്‍ഫോം ചെയ്യാനുള്ള സംഭവങ്ങള്‍ ഏറെയുണ്ട്. അവിടംതൊട്ട് സേവിയാകാന് ഒരുക്കമായി. അപ്പുക്കുട്ടന് കാലത്തെ മാനറിസം അധികം വേണ്ടെന്നും ജഗദീഷ് ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ ചെറുപ്പം മതിയെന്നും പറഞ്ഞിരുന്നു.
ഹൃദയത്തിലുള്പ്പെടെ വേഷമിട്ട ശിവ ഹരിഹരനാണ് ശിവകുമാറായി വേഷമിട്ടത്. സെല്‍വരാജിന്റെ വേഷത്തിൽ ടീച്ചര്‍ സിനിമയില്‍ വില്ലനായ ഷജീര്‍. അലക്സാണ്ടറായത് ആദം സാദിക്. ജോസഫ് മാത്യൂസാണ് സൈജു കുറുപ്പിന്റെ ചെറുപ്പം. ഞങ്ങളുടെ താമസവും യാത്രയുമെല്ലാം ഒരുമിച്ചായിരുന്നു. അതു കഥാപാത്രങ്ങള്‍ക്കു ഗുണകരമായി. അനശ്വര ഏറെ പ്രഫഷണല്‍ അഭിനേത്രിയാണ്. വളരെപ്പെട്ടെന്ന് ഞങ്ങളുമായി ജെല്ലായി.
മമ്മൂക്ക വന്നു, ഫ്രീസായി
ജയറാമേട്ടന്റെയും മമ്മൂക്കയുടെയും ചില സീനുകളെടുത്തപ്പോള് ഞങ്ങള്‍ സെറ്റിലുണ്ട്. മമ്മൂക്ക വന്ന് ഈ സിനിമയിലുള്ളതല്ലേ എന്നു ചോദിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ ഫ്രീസായി. ചെറുപ്പം തൊട്ടെ കാണുന്നതല്ലേ, സന്തോഷത്തില്‍ വാക്കുകള്‍ പുറത്തുവന്നില്ല.
ജഗദീഷേട്ടനു ഷൂട്ടുള്ള ദിവസം സെറ്റില്‍ കാത്തുനിന്ന് അദ്ദേഹം സേവിയായി മാറുന്ന രീതി മനസിലാക്കി. കുറച്ചുനേരം സംസാരിച്ചു. നല്ല അഭിപ്രായം കേള്‍ക്കുന്നതായും ആളുകള്‍ക്ക് സേവിയോടു ദേഷ്യം തോന്നുന്നത് നടന്റെ വിജയമാണെന്നും റിലീസിനു ശേഷം അദ്ദേഹം വിളിച്ചുപറഞ്ഞു.
മിഥുന് ആര്‍ട്ടിസ്റ്റിനു തരുന്ന സ്പേസും മോട്ടിവേഷനും വലുതാണ്. നമ്മുടെ മൂഡിനൊപ്പം നിന്നു കഥാപാത്ര സ്വഭാവം ഒപ്പിയെടുക്കുന്ന കാമറാമാനാണ് തേനി ഈശ്വര്‍. ചീഫ് അസോസിയേറ്റ് രജീഷ് വേലായുധന് ഉള്‍പ്പെടെയുള്ളവരുടെ സപ്പോര്ട്ടുമുണ്ടായി. സേവിയുടെ ലുക്ക് മേക്കപ്പ്മാന് റോണക്സിന്റെ സ്പര്‍ശമാണ്. സേവിയും ഞാനും ഒന്നാണെന്നറിയാന്‍ ആളുകള്‍ സമയമെടുക്കുന്നുണ്ട്. ഈ വേഷം വലിയ ഭാഗ്യമാണ്.
മൃദുഭാവേ, ദൃഢകൃത്യേ
ഷാജൂണ്‍ കാര്യാലിന്റെ ‘മൃദുഭാവേ, ദൃഢകൃത്യേ’ തിയറ്ററുകളിൽ. അതില്‍ നെഗറ്റീവ് ഷേഡുള്ള ഗോപി എന്ന വേഷം. പോലീസുമായി ബന്ധപ്പെട്ട ഒരു സംഭവം അതിലുണ്ട്. ജിതിന്‍ലാല്‍ സംവിധാനം ചെയ്ത ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസിനൊരുങ്ങുന്നു.
അതിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രം. വേറിട്ട ലുക്ക്. ഹ്യൂമര്‍ വേഷം ചെയ്ത ‘മനസറിയും യന്ത്രം’ എന്ന വെബ്സീരിസും വരുന്നുണ്ട്. കിട്ടുന്ന വേഷങ്ങള്‍ നല്ല രീതിയില്‍ ചെയ്യാനാകുന്നതിന്റെ സന്തോഷമുണ്ട്. ഒപ്പം, ചലഞ്ചിംഗ് വേഷങ്ങള്‍ വരുമെന്ന പ്രതീക്ഷയിലും.
ടി.ജി. ബൈജുനാഥ്