അങ്ങനെ ഒരു ജൂണിയര്‍ അത്ലറ്റിക് മീറ്റു കൂടി അവസാനിച്ചു. എല്ലാവരെയും ഞെട്ടിച്ച് കേരളം അവസാന കടമ്പ കടക്കാനാകാതെ തളര്‍ന്നുവീണു. വര്‍ഷങ്ങള്‍ക്കുശേഷം ഹരിയാന മുന്നില്‍ തല ഉയര്‍ത്തി നില്ക്കുന്നതിനും ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റി ട്രാക്ക് സാക്ഷ്യംവഹിച്ചു. മുന്‍ വര്ഷങ്ങളിലേക്കാള് മെഡലുകള്‍ നേടിയെങ്കിലും ചാമ്പ്യന്‍ഷിപ്പ് കൈവിട്ടു പോയത് കേരളത്തിനു ക്ഷീണമായി. ഉത്തര്‍പ്രദേശിന്റെ വന്‍കുതിപ്പും തെലുങ്കാന, ജാര്‍ഖണ്ഡ് ടീമുകളുടെ മുന്‍നിരയിലേക്കുള്ള കടന്നുവരവും ഇന്ത്യന്‍ അത്ലറ്റിക്സിന് ശുഭപ്രതീക്ഷ നല്‍കുന്നുവെന്നതില്‍ തര്‍ക്കമില്ല.
അത്ലറ്റിക്സിലെ ഹരിയാന മോഡല്‍
കായികരംഗത്ത് ഹരിയാനയുടെ വളര്‍ച്ച ഒരു സുപ്രഭാതത്തില്‍ തുടങ്ങിയതല്ല. പടിപടിയായ മുന്നേറ്റമാണ് അവര്‍ നടത്തുന്നത്. കേരളത്തിലേതുപോലെ സ്കൂള്‍ മീറ്റുകളില്നിന്നു പ്രതിഭകളെ കണ്ടെത്തുന്ന രീതിയല്ല അവിടെ. മറിച്ച്, സര്‍ക്കാര്‍ സഹായത്തോടെ വിവിധ അക്കാദമികളിലൂടെ കുട്ടികളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുകയാണ് ഹരിയാന ചെയ്യുന്നത്. അടുത്തകാലം വരെ അത്ലറ്റിക് മീറ്റുകളില്‍ ഹരിയാനയുടെ അഡ്രസ് ത്രോ ഇനങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതല്‍ കേരളത്തിന് വെല്ലുവിളിയാകാന്‍ അവര്‍ക്കായതുമില്ല. എന്നാല്‍, വിജയവാഡ കേരളത്തിന് നല്‍കുന്നത് വലിയൊരു ദുഃസൂചനയാണ്.
ജംപിലും ട്രാക്കിലും ഹരിയാന കടന്നുകയറാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് അണ്ടര്‍ 14, 16 വിഭാഗത്തില്‍. വരുംവര്‍ഷങ്ങളില്‍ ചാമ്പ്യന്മാരില് നിന്ന് കേരളം വലിയ വെല്ലുവിളി പ്രതീക്ഷിക്കണമെന്ന് അര്‍ഥം. കേരളത്തിന്റെ കുത്തകയായിരുന്ന റിലേ ഇനങ്ങളില്‍ പോലും ഇടിച്ചു കയറാന്‍ ഹരിയാനയുടെ കുട്ടികള്‍ക്കായി
. പരിക്കും അശ്രദ്ധയും മൂലം നിരവധി മെഡലുകള്‍ കേരളത്തിന് കൈവിട്ടുപോയി. അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ അപര്‍ണ റോയിക്കു പറ്റിയ പിഴവ് തന്നെ ഉദാഹരണം. ഫൗള്സ്റ്റാര്റ്റ് മൂലം ഉറപ്പുള്ള ഒരു സ്വര്‍ണമാണ് അപര്‍ണയ്ക്കു കൈവിട്ടുപോയത്. ഓംകാര്നാഥിനും ബിബിന്‍ ജോര്‍ജിനുമൊക്കെ പറ്റിയതും ഇത്തരം ചെറിയ പാളിച്ചകളാണ്. അവസാന കണക്കെടുപ്പില്‍ ഈ ചെറിയ വീഴ്ചകള്‍ നിര്‍ണായകമായി.
പുതിയ പടക്കുതിരകളായി യുപി
ഈ മീറ്റിന്റെ കറുത്ത കുതിരകള്‍ ഉത്തര്‍പ്രദേശാണെന്ന് നിസംശയം പറയാം. കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പല ഇനങ്ങളിലും യുപിയുടെ പിള്ളേര് അപ്രതീക്ഷിതമായി കടന്നെത്തി. കായികരംഗത്ത് ഉത്തര്‍പ്രദേശ് പുതിയ ശക്തിയാകുന്നുവെന്ന് വിളിച്ചോതുന്നതായിരുന്നു അവരുടെ പ്രകടനം.
പ്രത്യേകിച്ച് അണ്ടര്‍ 14, 16 വിഭാഗത്തില്‍. ശാരീരികക്ഷമതയില്‍ പഞ്ചാബി, ഹരിയാന താരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലാണെങ്കിലും പോരാട്ടവീര്യത്തില്‍ യുപിയെ സമ്മതിക്കണം. കേരളവും ഹരിയാനയും പിന്നെ പേരിന് തമിഴ്നാടും എന്ന താരതമ്യം പൊളിച്ചെഴുതേണ്ടുന്ന കാലം അവസാനിച്ചിരിക്കുന്നെന്ന് നിസംശയം പറയാം.
ആദ്യ ദിവസങ്ങളില്‍ നിശബ്ദമായിട്ടായിരുന്നു യുപി തുടങ്ങിയത്. 29 ടീമുകളില്‍ ഒന്നു മാത്രമെന്ന നിലയിലായിരുന്നു എതിരാളികള്‍ ഈ വലിയ സംസ്ഥാനത്തെ കണക്കുകൂട്ടിയത്. എന്നാല്‍ രണ്ടാംദിനം മുതല്‍ മെഡല്‍ വാരിക്കൂട്ടിയ യുപി നേടിയത് 15 സ്വര്‍ണവും 17 വീതം വെള്ളിയും വെങ്കലവും.
കേരളം പരമ്പരാഗതമായി മെഡല്‍ നേടിയിരുന്ന ഇനങ്ങളിലാണ് യുപിയുടെ കുതിപ്പെന്നത് ശ്രദ്ധേയമാണ്. ആണ്‍കുട്ടികളില്‍ 221 പോയിന്റോടെ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്കൊപ്പമെത്താനും ഇവര്‍ക്കായി. അണ്ടര്‍ 14, 16 വിഭാഗങ്ങളിലാണ് യുപിയുടെ നേട്ടമെന്നത് അടുത്ത വര്‍ഷങ്ങളില്‍ കേരളത്തിന് പുതിയ എതിരാളികള്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കായികരംഗത്തിന്റെ വികസനത്തിനായി പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്കി നടപ്പിലാക്കിയ പദ്ധതികള്‍ ലക്ഷ്യം കാണുന്നുവെന്ന സൂചനകളാണ് വിജയവാഡ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ സംഘത്തെയാണ് അവര്‍ അയച്ചതും.
എം.ജി. ലിജോ