ടുറിൻ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും അച്ഛന്റെ വഴിയേതന്നെ. കളത്തിൽ മാന്ത്രികത സൃഷ്ടിക്കുന്ന റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂണിയർ നേരത്തേതന്നെ ശ്രദ്ധപിടിച്ചു പറ്റിയതാണ്.
അച്ഛന്റെ കേളീശൈലിയാണു ജൂണിയറിനും കിട്ടിയിരിക്കുന്നതെന്ന് ആരാധകർ അടിവരയിടുന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലൊരു പ്രകടനവുമായി റൊണാൾഡോ ജൂണിയർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. യുവന്റസ് അണ്ടർ ഒന്പത് ടീമിനുവേണ്ടി ജൂണിയർ നേടിയ സോളോ ഗോളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തെ ഓർമിപ്പിക്കുന്ന സോളോ ഗോളായിരുന്നു റൊണാൾഡോ ജൂണിയർ കഴിഞ്ഞ ദിവസം നേടിയത്. സിആർ7 ന്റെ ട്രേഡ് മാർക്ക് മൂവായ ഡ്രാഗ് ബാക്കിലൂടെ എതിർ താരത്തെ മറികടന്ന റോണോ ജൂണിയർ ഗോളിയേയും ഡ്രിബിൾ ചെയ്താണ് ഗോൾ നേടിയത്.
മത്സരത്തിൽ മറ്റൊരു ഗോൾ കൂടി കുഞ്ഞു റൊണാൾഡോ നേടി. സിആർ7 ആണ് സമൂഹമാധ്യമത്തിലൂടെ മകന്റെ പ്രകടനം പുറത്തു വിട്ടത്. യുവന്റസ് അണ്ടർ 9നുവേണ്ടി അരങ്ങേറ്റ മത്സരത്തിൽ നാല് ഗോളുകൾ നേടിയാണ് ഇറ്റാലിയൻ ഫുട്ബോളിലേക്കു റൊണാൾഡോ ജൂണിയർ വരവറിയിച്ചത്.