പൂന: കോല്‍ക്കത്തയില്‍ നടന്ന അവസാന ഏകദിനത്തില്‍ അഞ്ചു റണ്‍സ് തോല്‍വിയേറ്റുവാങ്ങിയ ശേഷം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വാതോരാതെ പ്രശംസിച്ചത് കേദാര്‍ ജാദവിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും നിശ്ചയദാര്‍ഢ്യത്തെയാണ്. വന്മരങ്ങളെല്ലാം പാതിവഴിയില്‍ കടപുഴകിയപ്പോള്‍ നെഞ്ചുറപ്പോടെ പൊരുതിയത് ഇന്ത്യന്‍ ടീമിലെ പുതുരക്തങ്ങളായ ജാദവും പാണ്ഡ്യയുമാണ്. ഹര്‍ദിക് പാണ്ഡ്യ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളിലൂടെ ടീമിലെത്തിയ യുവതാരമാണെങ്കില്‍ കേദാര്‍ ജാദവ് എന്ന മുപ്പത്തൊന്നുകാരന് ഏറെ വഴിത്തിരിവുകളില്‍ നിന്നാണ് ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.
ഇത്രയും കാലം ജാദവ് എവിടെയായിരുന്നു? അതിന് ഒറ്റ ഉത്തരമേയുള്ള ജാദവ് ഇവിടെത്തന്നെയുണ്ടായിരുന്നു. എന്നാല്‍, ആരും ശ്രദ്ധിച്ചില്ലെന്നേയുള്ളൂ. ഇന്ന് ഇന്ത്യന്‍ ടീമിലെത്താന്‍ ഏറെ വഴികളുണ്ട്. വിരാട് കോഹ്ലി എത്തിയ പോലെ അണ്ടര്‍ 19 ടീമിലെ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറപ്പിക്കും. ഐപിഎല്ലിലെ പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കും. എന്നത്തേയും പോലെ രഞ്ജി ട്രോഫിയും ഇന്ത്യന്‍ ടീമിലേക്കുള്ള ചവിട്ടുപടിയാണ്.
എന്നാല്‍, രഞ്ജിയില്‍ ഏറെ നാളായി മികച്ച പ്രകടനം കാഴ്ചവച്ച കേദാര്‍ ജാദവിന് ഇപ്പോഴാണ് എല്ലാത്തിനും അവസരമൊത്തു വന്നത്. അതിനു കാരണമായത് മഹേന്ദ്ര സിംഗ് ധോണിയും. ആറാം നമ്പറില്‍ നിന്ന് നാലാമനായും അഞ്ചാമനായും ധോണി ബാറ്റിംഗിനിറങ്ങാന്‍ തുടങ്ങിയതോടെയായിരുന്നു കളി ജയിപ്പിക്കാന്‍ സാധിക്കുന്ന ഒരു ആറാമനെ ഇന്ത്യന്‍ ടീമിന് അത്യാവശ്യമായി വന്നത്. രണ്ടു വര്‍ഷം മുമ്പ് 29-ാം വയസിലാണ് ജാദവിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ ആദ്യമായി തുറക്കുന്നത്. രണ്ടാം നിരയെ പരമ്പരയ്ക്കായി നിയോഗിക്കുമ്പോള്‍ ഏറ്റവും ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന പേരുകളിലൊന്നായിരുന്നു ജാദവിന്റേത്.
മഹാരാഷ്ട്രയുടെ രഞ്ജി ടീമിലാണു ജാദവ് കളിച്ചു തുടങ്ങിയത്. സംസ്ഥാനത്തു നിന്ന് തന്നെയുള്ള മുംബൈ ടീമിന്റെ പ്രൗഢിക്കു മുന്നില്‍ എക്കാലവും തഴയപ്പെട്ട ടീമാണ് മഹാരാഷ്ട്ര. അഭിജിത് കാലെയ്ക്കു ശേഷം ഇന്ത്യന്‍ ടീം ജഴ്സിയണിയാന്‍ മഹാരാഷ്ട്ര രഞ്ജി ടീമില്‍നിന്ന് ആര്‍ക്കും ഭാഗ്യവും ലഭിച്ചിട്ടില്ല. രഞ്ജിയില്‍ ചരിത്രം കുറിച്ച് 2013-14 സീസണില്‍ 1223 റണ്‍സ് നേടിയിട്ടും ജാദവ് വെള്ളിവെളിച്ചത്തിലേക്കു കടന്നു വന്നില്ല. ഒരുപക്ഷേ ഐപിഎലില്‍ 2010ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നിരന്തര തോല്‍വികളില്‍നിന്ന് കരകയറ്റിയ 29 പന്തില്‍ 50 റണ്‍സ് നേടിയ അരങ്ങേറ്റ ഇന്നിംഗ്സാണ് ജാദവിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
സ്ട്രൈക് റേറ്റ് നൂറില്‍ താഴാതെ രഞ്ജിയില്‍ 327 റണ്‍സ് നേടിയതിന്റെ ചരിത്രവും ജാദവിനുണ്ട്. 24-ാം വയസില്‍ 2008-09 സീസണിലാണ് ജാദവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ശ്രീലങ്കയ്ക്കെതിരേ 2014ല്‍ ആദ്യ രാജ്യാന്തര ഏകദിനം കളിച്ച ജാദവ് കഴിഞ്ഞ വര്‍ഷം സിംബാബ് വെയ്ക്കെതിരേ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ രണ്ടാം നിര ഇന്ത്യന്‍ സംഘത്തില്‍ സെഞ്ചുറി നേട്ടവുമായി തിളങ്ങിയതാണ് ഇംഗ്ലണ്ട് പരമ്പരയിലേക്കുള്ള വിളിക്കു കാരണമായത്. അഞ്ചാം ബൗളറായും ജാദവിനെ ഉപയോഗിക്കാം എന്നത് അദ്ദേഹത്തിനു നേട്ടമായി.
പൂനയും കോല്‍ക്കത്തയും അനുഗ്രഹമാകും
ഇനി ഇന്ത്യക്കു മുന്നിലുള്ളത് ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. പൂനയില്‍ ഇംഗ്ലണ്ടിനെതിരേ കുറിച്ച സെഞ്ചുറിയും കോല്‍ക്കത്തിയില്‍ അവസാന നിമിഷം വരെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു കുതിപ്പേകിയ ഇന്നിംഗ്സും കേദാര്‍ ജാദവിന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. പൂനയില്‍ നായകന് വിരാട് കോഹ്ലിയെ പോലും പിന്നിലാക്കിയ പ്രകടനമാണ് ജാദവ് നടത്തിയത്. വന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചാണ് ജാദവ് മടങ്ങിയത്.
എന്തിന് ടെന്‍ഷന്‍?
പൂനയില്‍ മനോഹരമായ ഇന്നിംഗ്സ് കളിക്കുമ്പോള്‍ തന്റെ മകന് ഒരു സമ്മര്ദവുമില്ലെന്നു ഉറപ്പു പറയുകയാണ് ജാദവിന്റെ അമ്മ മന്ദാകിനി. അവന്റെ കഴിവില്‍ പൂര്‍ണ വിശ്വസമുണ്ട്. കൂടാതെ വിരാട് കോഹ്ലിയുടെ ക്രീസില്‍ നില്ക്കുമ്പോള് ഇന്ത്യ ജയിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ലല്ലോ. മന്ദാകിനി പറയുന്നു. ജാദവിന്റെ രണ്ടാം ഏഖദിനത്തിലെ 120 റണ്‍സ് പിറന്ന ശേഷം പൂനയില്‍ ഫ്ളാറ്റില്‍ അഘോഷദിനങ്ങളാണ്. ലോക്മാന്യ നഗറിലെ ജീറ്റ് മൈതാനം എന്നു വിളക്കപ്പെടുന്ന ഗ്രൗണ്ടിലാണ് ജാദവ് ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നത്. സുഹൃത്തുക്കളെ ക്കൊണ്ട് മണിക്കൂറുകള്‍ പന്തെറിഞ്ഞു പരിശീലിച്ചിരുന്ന ജാദവിന് അന്ന് അവര്‍ നല്‍കിയൊരു പേരുണ്ട്, മിനി സേവാഗ്.