പെട്രോവാക് (മോണ്ടിനെഗ്രോ): പതിനെട്ടുകാരനായ ഡി. ഗുകേഷ് എന്ന ഫിഡെ ലോക ചാന്പ്യനു പിന്നാലെ ലോക ജൂണിയർ പട്ടവും ഇന്ത്യയിലേക്ക്. ഇന്ത്യയുടെ ചെസ് ആധിപത്യ വീരഗാഥ തുടർന്ന് പ്രണവ് വെങ്കിടേഷ് ലോക ജൂണിയർ 2025 ചാന്പ്യൻ പട്ടം കരസ്ഥമാക്കി.
12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 157 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിലാണ് പതിനെട്ടുകാരനായ പ്രണവ് വെങ്കിടേഷ് ചാന്പ്യനായത്. 17 വർഷത്തിനുശേഷമാണ് പുരുഷ ജൂണിയർ ക്ലാസിക്കൽ ചെസിൽ ഒരു ഇന്ത്യൻ താരം ലോക കിരീടം സ്വന്തമാക്കുന്നതെന്നതും ശ്രദ്ധേയം.
അവസാന മത്സരത്തിൽ സ്ലോവേനിയയുടെ മാറ്റിക് ലാവ്റെൻസിക്കിനെതിരേ സമനില നേടി പ്രണവ് 9/11 പോയിന്റുമായി ലോക ജേതാവായി. ബംഗളൂരു സ്വദേശിയായ പ്രണവും ഗുകേഷ്, പ്രഗ്നാനന്ദ എന്നിവരെപ്പോലെ വേലമ്മാൾ ഇൻസ്റ്റിറ്റ്യൂട്ട്, വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി എന്നിവയുടെ പ്രൊഡക്റ്റാണ്.