സിജോ പൈനാടത്ത്
കൊച്ചി: നടിക്കെതിരേയുള്ള ആക്രമണ കേസിന്റെ പശ്ചാത്തലത്തിൽ, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി ശിപാർശകൾ രണ്ടു വർഷം പിന്നിട്ടിട്ടും വെളിച്ചം കണ്ടില്ല.
അതേസമയം, മൂന്നംഗ കമ്മിറ്റിയ്ക്കു വേണ്ടി സർക്കാർ ചെലവഴിച്ച തുകയുടെ വിവരങ്ങൾ പുറത്ത്. 1.06 കോടി രൂപയാണു ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ടത്.
സംസ്ഥാന ചലച്ചിത്ര അക്കാദമി വഴിയാണു തുക നൽകിയത്. വിവിധ സ്ഥലങ്ങളിലെ സിറ്റിംഗുകൾ, കമ്മിറ്റി അംഗങ്ങളുടെ യാത്ര, താമസം, ഭക്ഷണം എന്നീ ഇനങ്ങളിലാണു തുക ചെലവഴിച്ചതെന്നു ചലച്ചിത്ര അക്കാദമിയിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു.
വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ അധ്യക്ഷയായ കമ്മിറ്റിയിൽ, നടി ശാരദ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.
സിനിമാരംഗത്തെ സംവിധായകർ, നടീനടന്മാർ, അണിയറക്കാർ, സാങ്കേതിക പ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം കമ്മിറ്റി വിവരങ്ങൾ ശേഖരിച്ചിരുന്നു.
സിനിമാ ചിത്രീകരണ സ്ഥലങ്ങളിലെയും അനുബന്ധ മേഖലകളിലെയും സ്ത്രീസുരക്ഷയ്ക്കായി നിയമപരവും കാര്യക്ഷമവുമായ ഇടപെടലുകൾ ആവശ്യമാണെന്നതായിരുന്നു കമ്മിറ്റിയുടെ ശുപാർശകളുടെ ഉള്ളടക്കം.
2019 ഡിസംബർ 31നു മുഖ്യമന്ത്രി പിണറായി വിജയനു കമ്മിറ്റി റിപ്പോർട്ട് കൈമാറിയെങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായില്ല.
ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ ശിപാർശകൾ പഠിക്കാൻ പുതിയ സമിതിയെ നിയമിക്കാൻ സർക്കാർ ആലോചിച്ചിരുന്നു.
ശുപാർശകൾ നടപ്പാക്കിയോ നടപടികൾ എന്ന ചോദ്യത്തിനു, വിഷയം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ചലച്ചിത്ര അക്കാദമി കഴിഞ്ഞ ദിവസം നൽകിയ മറുപടി.
ശിപാർശകൾ ഉടൻ നടപ്പാക്കണം: വിനയൻ
കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കണമെന്നു സംവിധായകൻ വിനയൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ജസ്റ്റീസ് ഹേമ കമ്മിറ്റി മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളേക്കുറിച്ചു ബൃഹത്തായ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
കമ്മീഷന്റെ മുന്നിൽ രണ്ടു പ്രാവശ്യം വിലയേറിയ സമയം ചെലവാക്കി മൊഴി കൊടുക്കാൻ പോയ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം,
പ്രധാനമായും സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും രൂപീകരിച്ച കമ്മീഷനാണെങ്കിലും സംഘടനകളെ ഉപയോഗിച്ച് സിനിമയിൽ നടക്കുന്ന വിലക്കുകളേയും,
വൈരാഗ്യം തീർക്കലിനേയും നിശിതമായി വിമർശിക്കുന്ന ഒരു റിപ്പോർട്ടു കൂടിയാണ് ജസ്റ്റീസ് ഹേമ സമർപ്പിച്ചിരിക്കുന്നതെന്നറിയുന്നു.
വ്യക്തി വൈരാഗ്യം തീർക്കാനായി ആർക്കെതിരെയും സംഘടനകളെ ഉപയോഗിച്ചു നടത്തുന്ന വിലക്കുകളും ഒറ്റപ്പെടുത്തലുകളും ഇനി മേലിൽ മലയാളസിനിമയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി നിർദേശിച്ചു കൊണ്ട് റിപ്പോർട്ട് സർക്കാരിലേക്ക് നൽകും എന്നാണ് അന്നു കമ്മീഷൻ പറഞ്ഞത്.
അങ്ങനെ തന്നെ റിപ്പോർട്ട് നൽകുകയും ചെയ്തു എന്നാണറിവ്. പിന്നെന്തേ ആ റിപ്പോർട്ട് വെളിച്ചം കാണാത്തത്?
അതിൻമേൽ നടപടി ഉണ്ടാകാതെ ആർക്കൊക്കെയോ വേണ്ടി ആ റിപ്പോർട്ട് തമസ്കരിക്കപ്പെടുന്നു എന്നത് ഏറെ ദുരൂഹമാണ്: വിനയൻ പറഞ്ഞു.