കൊച്ചി: ഒഎല്‍എക്സ് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ കൊട്ടാരക്കര പട്ടാഴി സ്വദേശിയായ ജസ്റ്റിന് ജയിംസി(30)നെതിരേ കൂടുതല്‍ പരാതികള്‍ ഉയർന്നതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്.
പ്രതിക്കെതിരേ വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് അധികൃതര്‍ ഒരുങ്ങുന്നത്.
അവസാനമായി എറണാകുളം സെന്‍ട്രല്‍ പോലീസാണു പ്രതിക്കെതിരേ മറ്റൊരു കേസ്കൂടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് പറവൂര്‍ ഗോതുരുത്ത് സ്വദേശിയില്‍നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
യുകെ റോയല്‍ കരീബിയന്‍ കപ്പലില്‍ ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് ഒഎല്‍എക്സ് മുഖേന പരസ്യം നല്‍കിയാണ് പ്രതി പണം തട്ടിയെടുത്തത്.
സമാനമായ തട്ടിപ്പ് നടത്തിയതിന് പനങ്ങാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.
പ്രതിക്കെതിരേ മുളവുകാട് പോലീസ് സ്റ്റേഷനിലും തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പത്രവാര്‍ത്ത കണ്ടാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.