സീമ മോഹൻലാൽ
കൗമാരക്കാരിലും കുട്ടികളിലും മയക്കുമരുന്ന് വിപത്തുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന 100 മൈൽ(161 കിലോമീറ്റർ) ഓടുകയാണ് എക്സൈസ് പ്രിവന്റീവ് ഓഫീസറായ ടി.എക്സ്. ജെസ്റ്റിൻ.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഇദ്ദേഹം 24 മണിക്കൂർകൊണ്ട് 100 മൈൽ ഓടുന്നത്.
25-ന് രാവിലെ എറണാകുളം കച്ചേരിപ്പടി എക്സൈസ് ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന ഓട്ടം വൈപ്പിൻ, ചെറായി, പറവൂർ, ആലുവ, കാലടി, പെരുന്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, മാമല, തൃപ്പൂണിത്തുറ, കൊച്ചി എന്നീ സ്ഥലങ്ങൾ പിന്നിട്ട് ലഹരി വിരുദ്ധദിനമായ 26-ന് തിരിച്ച് കച്ചേരിപ്പടിയിൽ എത്തും.
‘ഞാനുമുണ്ട് ലഹരിക്കെതിരേ’ എന്ന സന്ദേശത്തോടെയാണ് ഇദ്ദേഹം ഓടുന്നത്. ആലുവ ചൂണ്ടി കെഎസ്ബിസി വെയർഹൗസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറാണ് ജെസ്റ്റിൻ. ലഹരിക്കെതിരേ നിരവധി പ്രവർത്തനങ്ങളാണ് ജെസ്റ്റിൻ ചെയ്തിരിക്കുന്നത്.
നല്ലൊരു സൈക്കിളിസ്റ്റും മാരത്തണ്‍ റണ്ണറും
നല്ലൊരു സൈക്കിളിസ്റ്റും മാരത്തണ്‍ റണ്ണറുമാണ് ജെസ്റ്റിൻ. ആരോഗ്യമാണ് സന്പത്ത്, ജീവിതമാണ് ലഹരി എന്ന സന്ദേശം കുട്ടികളിലും കൗമാരക്കാരിലും എത്തിക്കുന്നതിനും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവത്കരണം നടത്താനുമുള്ള പ്രവർത്തനങ്ങളാണ് ഇദ്ദേഹം കൂടുതലായും ചെയ്യുന്നത്.
എക്സോട്ടിക് കേരള എന്ന എൽആർഎം ഇവന്റിൽ (ലെസ് റാൻഡനേഴ്സ് മോണ്ടിയാക്സ്) 1,200 കിലോമീറ്റർ സൈക്കിൾ റേസിൽ ജെസ്റ്റിൻ ഒന്നാമനായി ഫിനിഷ് ചെയ്തു.
46 പേർ പങ്കെടുത്ത മത്സരത്തിൽ നാല് രാത്രിയും മൂന്നു പകലും 90 മണിക്കൂർ കൊണ്ട് പൂർത്തിയാക്കേണ്ട മത്സരം 84 മണിക്കൂർ കൊണ്ട് ഇദ്ദേഹം പൂർത്തിയാക്കി.
ജീവിതം തന്നെ ലഹരി എന്ന ആപ്തവാക്യം ആലേഖനം ചെയ്ത ജഴ്സി ധരിച്ചുകൊണ്ടാണ് ജെസ്റ്റിൻ സൈക്കിൾ ചവിട്ടിയത്. കൊച്ചി- പൊന്നാനി -ലക്കിടി-പനമരം -പീച്ചങ്കോട് -സുൽത്താൻബത്തേരി- ചേരന്പാടി- നിലന്പൂർ -പാലക്കാട്-കൊച്ചി -മുളന്തുരുത്തി -ഏറ്റുമാനൂർ -കോട്ടയം- അടൂർ- തിരുവനന്തപുരം -നെയ്യാറ്റിൻ കര-കന്യാകുമാരി -തിരുവനന്തപുരം- കൊല്ലം- ആലപ്പുഴ- കൊച്ചി വഴിയായിരുന്നു ആ റൂട്ട്. 33,267 അടി ഉയരം താണ്ടിയുള്ള വളരെ വെല്ലുവിളി നിറഞ്ഞ മത്സരമായിരുന്നു അത്.
വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പല സൈക്ലിംഗ് മത്സരങ്ങളിലും ജെസ്റ്റിൻ പങ്കെടുത്തിട്ടുണ്ട്. അതിലൊന്നാണ് ടൂർ ഓഫ് തേക്കടി .
കോട്ടയം ഇടുക്കി ജില്ലയിലൂടെയുള്ള യാത്രയായിരുന്നു അത്. ഗ്രൂപ്പ് ഇവന്റായ ഇതിൽ രണ്ടാം സ്ഥാനം ലഭിച്ചു. സൈക്കിളിൽ തന്നെ 600 കിലോമീറ്റർ പിന്നിട്ട കൊച്ചി വാളയാർ-കൊല്ലം-കൊച്ചി റൈഡായിരുന്നു മറ്റൊന്ന്.
2021 ലെ ഗാന്ധിജയന്തി ദിനത്തിൽ വിമുക്തി പരിപാടിയായി കൊച്ചി-കോട്ടയം-തെന്മല എന്നീ റോഡുകളിലൂടെ 400 കിലോ മീറ്റർ റൈഡ് നടത്തി.
200 കിലോ മീറ്റർ, 100 കിലോമീറ്റർ റൈഡുകളിലൂടെയും പ്രചാരണം നടത്തി. എല്ലാ റൈഡിലും വിമുക്തി ആപ്തവാക്യം ജീവിതം തന്നെ ലഹരി എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് പകരാൻ സാധിച്ചിട്ടുണ്ടെന്നു ജെസ്റ്റിൻ പറയുന്നു.
വിമുക്തിക്കായി മാരത്തണ്‍ ഓട്ടങ്ങൾ
ലഹരിയുടെ ദൂഷ്യവിപത്തുകളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ ദിവസം മൂന്നാർ അൾട്രാ മാരത്തണ്‍ 71 കിലോ മീറ്റർ ഓൾ കാറ്റഗറിയിൽ പങ്കെടുത്ത് ജെസ്റ്റിൻ ഒന്നാം സ്ഥാനം നേടി.
കോതമംഗലം-പിണ്ടിമന മാരത്തണ്‍, ഫോർട്ട്കൊച്ചി മാരത്തണ്‍ തുടങ്ങി 2018 – 22 കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ എക്സൈസ് വിഭാഗം സംഘടിപ്പിച്ച വിമുക്തി ഹാഫ് മാരത്തണുകളിലും ജെസ്റ്റിൻ പങ്കെടുത്തു.
75 ഹാഫ് മാരത്തണ്‍, 18 ഫുൾ മാരത്തണ്‍, രണ്ട് അൾട്രാ മാരത്തണ്‍ എന്നിവയിലും ഇദ്ദേഹം പങ്കാളിയായി.
ഒളിന്പിക്സ് പ്രചാരണാർഥം എറണാകുളത്തു നടത്തിയ 60 കിലോമീറ്റർ അൾട്ര മാരത്തണിൽ രണ്ടാം സ്ഥാനവും കഴിഞ്ഞ മേയ് 28ന് ദക്ഷിണേന്ത്യയിലെ ഹൈ ആറ്റിറ്റ്യൂട് അൾട്രാ 71 കിലോമീറ്റർ മൂന്നാർ മാരത്തണിൽ ഒന്നാം സ്ഥാനം നേടി.
എക്സൈസ് വകുപ്പിന്റെ സേ നോ ടു ഡ്രഗ്സ് പ്രചരണാർഥമാണ് ഈ അൾട്രാ മാരത്തണിൽ പങ്കെടുത്തത്. കൊച്ചി ടീം ക്യൂൻസ് വേ റൈഡേഴ്സും റണ്ണേഴ്സ് ക്ലബും ജെസ്റ്റിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.
രക്തദാനം നടത്തിയത് 54 തവണ
2002 ൽ സർവീസിൽ പ്രവേശിച്ച കാലം മുതൽ രക്തദാനം ചെയ്യുന്ന വ്യക്തിയാണ് ജെസ്റ്റിൻ. ഇതുവരെ 54 തവണ രക്തം ദാനം ചെയ്തു. രോഗാവസ്ഥയിലുള്ളവർക്ക് പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, ഗ്രാനുലോസൈറ്റ് എന്നിവ 12 തവണ നൽകി.
ജോലിയിൽ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ രക്തദാന രംഗത്തുണ്ട്. ജെസ്റ്റിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ എന്ന പേരിൽ ഒരു ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് രൂപീകരിച്ച് 2016 മുതൽ രക്തദാനം തുടങ്ങി.
അതുവഴി എക്സൈസ് വകുപ്പിലെ വിവിധ ജില്ലയിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എറണാകുളം ജില്ലയിലേക്ക് വരുന്ന രോഗികൾക്കും രക്തദാനത്തിന് സഹായം നൽകി.
2000ലധികം രോഗികൾക്ക് ഇദ്ദേഹം രക്തദാതാക്കളെ ഏർപ്പാടാക്കി കൊടുത്തു. എറണാകുളം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു രക്തദാന ക്യാന്പ് സംഘടിപ്പിക്കുകയും ഉണ്ടായി. ഈ ഗ്രൂപ്പ് വഴി നേത്രദാനം നടത്താനും സാധിച്ചു.
ഈ പ്രവർത്തനങ്ങളുടെ മികവിൽ എക്സൈസ് മന്ത്രിയും ബ്ലഡ് ഡോണേഴ്സ് കേരള, റസിഡന്റസ് അസോസിയേഷൻ, പറവൂർ റോട്ടറി ക്ലബ്, അമൃത ആശുപത്രി എന്നിവരും ജെസ്റ്റിനെ ആദരിച്ചിട്ടുണ്ട്.
കുടുംബം
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ, എളങ്കുന്നപ്പുഴ ആയുർവേദ ഡിസ്പൻസറിയിൽ ജോലി ചെയ്യുന്ന ജിൻസി റോഡ്രിഗ്സാണ് ജെസ്റ്റിന്റെ ഭാര്യ. മകൻ ഇഷാക്. ജെ. സേവ്യർ മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് കോച്ചിംഗിനു പഠിക്കുന്നു.