ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയായ പിതാവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു.
പ്രായപൂർത്തി ആകാത്ത 6 വയസുകാരിയായ മകളെ പീഡിപ്പിച്ചു എന്ന് ആരോപിച്ചു ആലപ്പുഴ സൗത്ത് പോലീസ് അന്വേഷിച്ച കേസിലെ പ്രതികളായ കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയുമാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് ജഡ്ജ് (1) (പോക്സോ ) ആഷ് കെ. ബാൽ വെറുതെ വിട്ടത്.
കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോൾ പലപ്പോഴും കുട്ടിയെ പിതാവായ ആലപ്പുഴ ബീച്ച് വാർഡിൽ പനയ്ക്കൽ പുരയ്ക്കൽ ജോസി എന്ന സെബാസ്റ്റ്യൻ ( 42 ) സുഹൃത്തായ ആലപ്പുഴ ബീച്ച് വാർഡിൽ വെളിമ്പറമ്പ് വീട്ടിൽ ചന്ദ്ര ബോസ് ( 43 ) എന്നിവർ ചേർന്ന് ശാരീരികമായി പീഡിപ്പിച്ചു എന്നും കൂടാതെ ട്യൂഷൻ ക്ലാസിൽ പോയിരുന്ന കുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി വിളിച്ചു കൊണ്ടുവന്നു മദ്യം നൽകി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി.
കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോൾ കുട്ടി നൽകിയ വിവരം അനുസരിച്ചു കുട്ടിയുടെ പിതാവിന്റെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെ ഒന്നാം പ്രതിയായും സുഹൃത്തിനെ രണ്ടാം പ്രതിയായും കേസ് എടുത്തത്. തുടർന്ന് ആലപ്പുഴ ഡിവൈ എസ് പിയാണ് കേസ് അന്വേഷിച്ചു റിപ്പോർട്ട് കോടതിമുമ്പാകെ ഹാജരാക്കിയത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 25 സാക്ഷികളെയും 35 പ്രമാണങ്ങളും 8 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതികൾക്കെതിരെ ആരോപിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന പ്രതിഭാഗം വാദം അംഗീകരിച്ച കോടതി സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് നൽകി അവർ കുറ്റക്കാർ അല്ല എന്ന് കണ്ടു വെറുതെ വിടുകയായിരുന്നു.
ഒന്നാം പ്രതിയായ കുട്ടിയുടെ പിതാവിനുവേണ്ടി അഡ്വ. പി. പി. ബൈജുവും കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ രണ്ടാം പ്രതിയ്ക്കു വേണ്ടി അഡ്വ ജി. പ്രിയദർശൻ തമ്പിയും കോടതിയിൽ ഹാജരായി.