ജിജേഷ് ചാവശേരി
മട്ടന്നൂർ: “അവർ എന്റെ മോളോട് എന്തിനാ ഇങ്ങനെ ചെയ്തത്, എങ്ങനെ തോന്നി അവർക്ക്…’ വിങ്ങിപ്പൊട്ടുന്ന ഈ വാക്കുകൾ കളമശേരി മെഡിക്കൽ കോളജിൽ വച്ച് ചികിത്സാ പിഴവ് കാരണം മരിച്ച മെഡിക്കൽ വിദ്യാർഥിനി ശിവപുരം ആയിഷ മൻസിൽ ഷംന തസ്നിമിന്റെ പിതാവ് കെ.എ.അബൂട്ടിയുടേതാണ്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ പിതാവ് അബൂട്ടിയുടെ പോരാട്ടം തുടരുകയാണ്. ഇന്ന് ആ പോരാട്ടത്തിന് ഒപ്പം വിദ്യാർഥി സംഘടനകളും അണി ചേർന്നിരിക്കുകയാണ്.
ഒരു കുത്തിവയ്പിൽ കൊഴിഞ്ഞുപോയ ജീവിതം
2016 ജൂലൈ 18നാണ് എറണാകുളം മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന ഷംന മരിക്കുന്നത്. പഠനത്തിൽ മിടുക്കിയായിരുന്ന ഷംനയ്ക്ക് മരിക്കുന്നതിന് തലേ ദിവസം ചെറിയൊരു പനിയുണ്ടായിരുന്നു. രാവിലെ ലാബുമായി ബന്ധപ്പെട്ട് ക്ലാസുളളതിനാൽ പോകുന്നതിനിടെയാണ് മെഡിക്കൽ കോളജിലെ ഡോക്ടറെ കാണിച്ചത്.
ഡോക്ടറുടെ നിർദേശ പ്രകാരം ഉച്ചകഴിഞ്ഞ് മൂന്നിന് കുത്തിവയ്പ്പെടുത്ത ശേഷം ഷംന കുഴഞ്ഞു വീഴുകയായിരുന്നു. ഷംനയെ രക്ഷപ്പെടുത്താൻ വാർഡിൽ ഡോക്ടർമാർ ആരും ഉണ്ടായില്ലെന്നും നഴ്സ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി ഡോക്ടർ എത്തിയെങ്കിലും വിദ്യാർഥിനിയെ രക്ഷപ്പെടുത്താൻ മരുന്നോ ഓക്സിജനോ ജീവൻ രക്ഷാ ഉപകരണങ്ങളോ വാർഡിൽ ഉണ്ടായിരുന്നില്ലെന്നും കുട്ടിയെ ഐസി യുവിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഒരു സ്ട്രെച്ചർ ലഭിക്കാൻ 20 മിനിറ്റ് കാത്തിരുന്നതായും പിതാവ് അബൂട്ടി പറയുന്നു.
ചെറിയ പനി ബാധിച്ചതിനാൽ അന്ന് രാവിലെ മകൾ എന്നോട് സംസാരിച്ചിരുന്നതായും ചെറിയ പനിയുണ്ടെന്നും ഇവിടെ തന്നെ ഡോക്ടറെ കാണുമെന്നും പറഞ്ഞിരുന്നതായി അബൂട്ടി ഓർക്കുന്നു. പിന്നീട് ഞങ്ങളെ തേടി വന്നത് അവളുടെ മരണ വാർത്തയായിരുന്നു.
മരിച്ച കുട്ടിയെ എന്തിനാണ് ഐസിയുവിലേക്ക് മാറ്റിയത് ?
പഠിക്കുന്ന സ്വന്തം സ്ഥാപനകമാകുന്പോൾ കൂടുതൽ പരിഗണനയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. അവിടെ പ്രവേശനം കിട്ടിയപ്പോൾ എന്റെ മകൾ എത്രമാത്രം സന്തോഷിച്ചിരുന്നു. അവൾ എന്റെ മാത്രം പ്രതീക്ഷയായിരുന്നില്ല. ബന്ധുക്കൾക്കും നാട്ടുകാർക്കും അവളുടെ പഠന മികവിൽ അഭിമാനം തോന്നിയിരുന്നതായും അബൂട്ടി പറയുന്നു. എന്റെ കുട്ടി മരിച്ചെന്നറിഞ്ഞിട്ടും എന്തിനാണവർ ഐസി യുവിലേക്ക് കൊണ്ടുപോയത്..? എന്തിനായിരുന്നു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്…? പിന്നീടുള്ള അവരുടെ സമീപനത്തിൽ നിന്നും ഞാൻ മനസിലാക്കിയത് അവർക്കു സംഭവിച്ച പിഴവാണ് എന്റെ മകളുടെ മരണകാരണമെന്നാണ്.
സസ്പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുത്തു
തെറ്റ് ചെയ്തവരെയും അവരെ സഹായിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് അബൂട്ടിയുടെ പോരാട്ടം. നീതി പ്രതീക്ഷിച്ച് തിരുവന്തപുരത്തേക്കും എറണാകുളത്തേക്കും നിരവധി യാത്രകൾ ചെയ്യേണ്ടി വന്നതായി അബൂട്ടി പറയുന്നു. മകളുടെ മരണത്തിന് കാരണക്കാരായ ഡോക്ടർമാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് അബൂട്ടി ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലും ഡിപ്പാർട്ട് മെന്റ് അന്വേഷണത്തിനായി പ്രഫസർമാരുടെ നേതൃത്വത്തിലുളള മൂന്നംഗ സമിതിയും അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ വിധേയമായി മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും ഒരു മാസത്തിന് ശേഷം സർക്കാർ ഇരുവരെയും തിരിച്ചെടുക്കുകയായിരുന്നുവെന്നു പറയുന്നു. ഇത് അന്വേഷണത്തെ ബാധിക്കുമെന്നാണ് അബൂട്ടി പറയുന്നത്.
9 മാസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കാതെ ക്രൈംബ്രാഞ്ച്
ഷംനയുടെ മരണം നിലവിൽ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തി വരികയാണ്. കുത്തിവയ്പിനെ തുടർന്നു കുഴഞ്ഞു വീണ ഷംനയെ മെഡിക്കൽ കോളജിൽ നിന്നു ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോയി ചികിത്സിച്ചതായും ഇവിടെ വച്ചാണ് മരിച്ചതെന്നുമാണ് ആശുപത്രി അധികൃതർ രേഖയുണ്ടാക്കിയത്. ഈ ആശുപത്രിയിൽ ചികിൽസ നടത്തിയതിന് 10,000 രൂപ വാങ്ങുകയും ചെയ്തിരുന്നു.
എന്നാൽ ഉച്ചയ്ക്ക് 3.45ന് മെഡിക്കൽ കോളജിൽ വച്ചു മരിച്ചുവെന്ന് ഫോറൻസിക് സർജൻ പറയുന്ന കുട്ടിയെ വൈകുന്നേരം ആറിന് വിദഗ്ധ ചികിത്സ എന്ന പേരിൽ അഡ്മിറ്റ് ചെയ്ത് വൻ തുക ബില്ല് വാങ്ങിയ ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം ഷംന മരിച്ചിട്ട് 9 മാസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കാനോ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാത്ത സ്ഥിതിയാണ് പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നുള്ളത്.
രണ്ട് വകുപ്പ് തല അന്വേഷണത്തിലും കുറ്റക്കാരിയായി കണ്ടെത്തിയ പ്രിൻസിപ്പലിനെതിരായ നടപടി സ്വീകരിക്കാത്തത് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അനാസ്ഥയും സംശയം ജനിപ്പിക്കുന്നതാണെന്നും ഷംനയുടെ പിതാവ് പറയുന്നു. ഈ കേസ് അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും അത് വിജയിക്കാൻ പോകുന്നില്ല. ഇനി ഒരു അച്ഛനും ഈ ഗതി ഉണ്ടാവരുത് . 9 മാസം കഴിഞ്ഞിട്ടും കണ്ണീരൊഴിഞ്ഞ ദിവസമുണ്ടായിട്ടില്ല .
എന്റെ ജീവിതം ഇനി മകളുടെ നീതിക്കു വേണ്ടി മാത്രമാണ്. ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. നീതിയുടെ കണ്ണ് തുറപ്പിക്കുന്നതുവരെ ഞാൻ പോരാടുമെന്നും അബൂട്ടി കണ്ണീരോടെ പറയുന്നു. വീടിന് സമീപത്തുളള ആരോഗ്യ മന്ത്രി പോലും എന്റെയും കുടുംബത്തിന്റെയും സങ്കടം കാണാതിരിക്കുകയാണ്.
ഷംനയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാത്തതിനാൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെ സർക്കാർ ഷംനയുടെ മരണത്തിലെ പ്രതികളെ പിടികൂടാതെ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് വിവിധ സംഘടനകൾ സമരത്തിന് ഇറങ്ങിയിട്ടുണ്ട്.