കൊച്ചി: കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് കർണൻ ഒളിവിൽ കഴിഞ്ഞത് പനങ്ങാടാണെന്നു വ്യക്തമായതോടെ കൊച്ചിയിൽ അദ്ദേഹത്തിന് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നു. പനങ്ങാടുള്ള ലേക് സിംഫണി റിസോർട്ടിൽ ഈ മാസം 11 മുതൽ 13വരെ താമസിച്ചതെന്നാണ് കർണൻ മൊഴി നൽകിയത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ 15വരെ കർണൻ റിസോർട്ടിലുണ്ടായിരുന്നതായി സൂചനയുണ്ട്.
അതേസമയം, എട്ടു ദിവത്തോളം കർണൻ കൊച്ചിയിൽ തങ്ങിയെന്നും പറയപ്പെടുന്നു. ഇതിനായി കർണന് കൊച്ചിയിൽനിന്ന് സഹായം ലഭിച്ചിരിക്കാമെന്നു പനങ്ങാട് എസ്ഐ കെ. ദിലിപ് കുമാർ പറഞ്ഞു. ഇന്നു കൂടുതൽ പരിശോധന നടത്തി ഇക്കാര്യങ്ങളിൽ പോലീസ് വ്യക്തത വരുത്തും. റിസോർട്ടിലെത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. റിസോർട്ടിലെ ജീവനക്കാരിൽനിന്നു കൂടുതൽ മൊഴിയെടുക്കുമെന്നും ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗച്ചാകാം കർണൻ റിസോർട്ട് ബുക് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി ആറുമാസം തടവിനു വിധിച്ച കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണനെ പശ്ചിമബംഗാൾ സിഐഡി സംഘവും തമിഴ്നാട് പോലീസും സംയുക്തമായി കോയന്പത്തൂരിൽവച്ചാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മേയ് ഒൻപതിലെ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് അദ്ദേഹം ഒളിവിലായിരുന്നു. ജൂണ്‍ 12ന് ജസ്റ്റീസ് കർണൻ വിരമിച്ചിരുന്നു. അങ്ങനെ ഒളിവിലിരിക്കെ വിരമിക്കുന്ന ആദ്യ ഹൈക്കോടതി ജഡ്ജിയായി അദ്ദേഹം. സുപ്രീംകോടതി തടവുശിക്ഷയ്ക്കു വിധിക്കുന്ന ആദ്യ ജഡ്ജിയും ഇദ്ദേഹം തന്നെ.