ചെന്നൈ: തെരഞ്ഞെടുപ്പില് മത്സരിക്കാന് ഓരോത്തര്ക്കും ഓരോ കാരണമുണ്ട്. ജയിക്കുകയില്ലെന്ന് ഉറപ്പാണെങ്കിലും പലരും മത്സരിക്കുന്നത് ചില കാര്യങ്ങള് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ജസ്റ്റിസ് സി.എസ് കര്ണന് ഇത്തവണ തെരഞ്ഞടുപ്പ് ഗോദയിലിറങ്ങുന്നതും ഈ ലക്ഷ്യത്തോടെയാണ്. സിനിമാതാരങ്ങളെ കര്ണന് വലിയ താല്പര്യമില്ല എങ്കിലും കക്ഷിയെക്കുറിച്ച് പറയുമ്പോള് ‘ഓര്മവരിക എന് വഴി’ എന്ന രജനിയുടെ മാസ് ഡയലോഗാണ്.
പദവിയിലിരിക്കെ കോടതിയലക്ഷ്യക്കേസില് ജയിലില് പോയ ആദ്യ ജഡ്ജി ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിലാണ്. സെന്ട്രല് ചെന്നൈയില് ആന്റി കറപ്ഷന് ഡൈനമിക് പാര്ട്ടി സ്ഥാനാര്ഥിയായാണു അങ്കം. അഴിമതി തുടച്ചു നീക്കാന് 6 മാസം മുന്പു രൂപീകരിച്ചതാണു പാര്ട്ടി. തിരുവള്ളൂര് മണ്ഡലത്തിലുള്പ്പെടുന്ന ആവഡിയാണ് കര്ണന്റെ പാര്ട്ടി ഓഫീസ്. ഭാര്യ സരസ്വതിയുടെ പേരിലുള്ള സില്ക് സ്റ്റോറിന്റെ രണ്ടാമത്തെ നിലയിലാണ് ഓഫീസ്. ചുമരിലെ പോസ്റ്ററില് വലുതായി ചിത്രീകരിച്ചിരിക്കുന്ന എംബ്ലത്തിനൊരു കര്ണന് ടച്ചുണ്ട്. പണം കൈമാറുന്ന രണ്ടു കൈകള്. അവയ്ക്കു മേല് പതിക്കുന്ന വടി.
ചെന്നൈ സെന്ട്രലില് പത്രിക നല്കിയെങ്കിലും തിരുവള്ളൂര് മണ്ഡലത്തിലാണ് കര്ണന് സജീവമായുള്ളത്. സെന്ട്രലില് മല്സരിക്കുന്നതു തനിക്കു വോട്ടുള്ള മണ്ഡലമായതിനാലാണ്. യഥാര്ഥ പോരാട്ടം വാരാണസിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില് പത്രിക നല്കും, പ്രചാരണം നടത്തും. കര്ണന് കട്ടക്കലിപ്പിലാണ്.
കോടതി അലക്ഷ്യക്കേസില് ആറു മാസത്തെ ജയില്വാസം ആ കലിപ്പ് കൂട്ടിയതേയുള്ളൂ. തന്റെ പാര്ട്ടി അധികാരത്തിലെത്തിയാല് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കര്ണന് വ്യക്തമായ ബോധ്യമുണ്ട്. നരേന്ദ്രമോദിയേക്കാളും രാഹുല് ഗാന്ധിയെക്കാളും മികച്ച പ്രധാനമന്ത്രിയാവും താനെന്നും കര്ണന് പറയുന്നു. താന് കര്ഷകനാണെന്നും അതിനാല് തന്നെ ചക്ക ചിഹ്നത്തില് മത്സരിക്കുന്നത് തനിക്ക് ഏറെ സന്തോഷമാണെന്നും കര്ണന് പറയുന്നു.