സിജോ പൈനാടത്ത്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു ജസ്റ്റീസ് കുര്യൻ ജോസഫ്. ഏതു മുന്നണിയിലും ഏതു സീറ്റു നൽകിയാലും മത്സരരംഗത്തേക്കില്ല. തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കാൻ ഇടതു-വലതു മുന്നണികൾ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്പോഴാണു ജസ്റ്റീസ് കുര്യൻ ജോസഫ് ’രാഷ്ട്രദീപിക’യോടു നിലപാട് വ്യക്തമാക്കിയത്.
കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ സീറ്റുകളിലൊന്നു നൽകാമെന്ന വാഗ്ദാനവുമായി ഏതാനും നേതാക്കൾ സമീപിച്ചിരുന്നുവെന്നു കുര്യൻ ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും നേതാക്കൾ മത്സരിക്കാൻ ആവശ്യപ്പെട്ടെത്തി.
മത്സരിക്കാൻ താത്പര്യമുണ്ടോ എന്നും മത്സരിക്കാമോ എന്നും ചോദിച്ചവർ അക്കൂട്ടത്തിലുണ്ട്. അവരോടു തന്റെ നിലപാട് അപ്പോൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താൻ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണ്. ചില മാധ്യമങ്ങൾ എന്തുകൊണ്ടാണ് അത്തരം പ്രചാരണം നടത്തുന്നതെന്ന് അറിയില്ലെന്നും കുര്യൻ ജോസഫ് പറഞ്ഞു.
പഠനകാലത്തു വിദ്യാർഥിയൂണിയനുകളിലും കത്തോലിക്കാസഭയുടെ വിവിധ സമിതികളിലും സംഘടനകളിലും പ്രവർത്തിച്ചു തന്റെ നേതൃവാസന തെളിയിച്ചിട്ടുള്ളതാണ്. എല്ലാ മതവിഭാഗങ്ങളിലുള്ളവരിലും സാമൂഹ്യ, സമുദായനേതാക്കൾക്കിടയിലുമുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലും പാർട്ടികൾക്കുണ്ട്.
ജയിച്ചുകയറാൻ ബുദ്ധിമുട്ടുള്ള സീറ്റുകളിൽ ജസ്റ്റീസ് കുര്യൻ ജോസഫിനെ മത്സരിപ്പിച്ചു ജയമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണു മുന്നണികൾ അദ്ദേഹത്തെ സമീപിച്ചത്. താൻ മത്സരിക്കുന്നില്ലെന്നു വ്യക്തമാക്കിയതോടെ അതു സംബന്ധിച്ച അഭ്യൂഹങ്ങൾക്കും പ്രചാരണങ്ങൾക്കും വിരാമമാകുമെന്ന പ്രതീക്ഷയിലാണു ജസ്റ്റീസ് കുര്യൻ ജോസഫ്.