ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യണമെന്ന് അഭ്യർഥിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി.
22 വർഷം മഅദനി ജയിലിൽ കഴിഞ്ഞു. ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് വീൽ ചെയർ സഹായമില്ലാതെ നീങ്ങാൻ ആകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങൾ കാരണം ഡയാലിസിസ് വേണ്ട സ്ഥിതിയാണ്.
ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി. അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണെന്ന അവസ്ഥ കൂടി പരിഗണിക്കണം. കുറ്റക്കാരനാണെങ്കിൽപോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തിൽ പറയുന്നു.
ഫൈസ് അഹമ്മദ് ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്.നേരത്തെ, കേരളത്തിലേക്ക് വരാൻ മഅനിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്നു നിലപാടെടുക്കുകയായിരുന്നു.
20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പോലീസിന്റെയും നിലപാട്.