പഴയന്നൂർ: മനുഷ്യാവകാശം എത്രയും വേഗം സംരക്ഷിക്കാൻ ഇത്തരം ഗ്രാമന്യായാലയങ്ങൾക്ക് കഴിയും. തെറ്റുപറ്റാത്തവരില്ല. എന്നാൽ തെറ്റ് ഏറ്റുപറഞ്ഞ് പ്രശ്നം പരിഹരിക്കൽ ഇന്നില്ലാതായി എന്ന് ഹൈക്കോടതി ജസ്റ്റിസ് സി.ടി. രവികുമാർ.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വടക്കേത്തറയിൽ പണികഴിപ്പിച്ച ഗ്രാമന്യായാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിന്റെ നന്മയാണ് ലോകത്തിന്റെ സമാധാനമെന്ന് മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ വാക്യം ഉദ്ധരിച്ചുകൊണ്ട് അധ്യക്ഷത വഹിച്ച തൃശൂർ ജില്ലാ സെഷൻസ് ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ബി. സുജയമ്മ, പഴയന്നൂർ ഗ്രാമന്യായാലയം ന്യായാധികാരി കെ. മീര ജോണ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ, വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡന്റ് ഒ.പി. സെലിൻ തുടങ്ങിയവർ സംസാരിച്ചു.