ആലുവ: ഹൃദയത്തിൽ മനുഷ്യത്വം ഇല്ലെങ്കിൽ അവരുടെ ജന്മം സമൂഹത്തിന് ബാധ്യതയാണെന്ന് ജസ്റ്റീസ് ബി. സുധീന്ദ്രകുമാർ. ഏതൊരാളും ആദ്യം മനുഷ്യനാകണമെന്നും അല്ലാത്തവരുടെ ജന്മം കൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലുവ നിള സംഗീത കോളേജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കാൻ കുട്ടികളെ ചെറുപ്പത്തിലെ പഠിപ്പിക്കണം. അങ്ങനെ ശീലിക്കാത്തവർ ആരെയും ബഹുമാനിക്കില്ല. സംഗീതം ആർക്കും ആസ്വദിക്കാവുന്ന കലയാണ്. അത് ഹൃദയത്തിലാണ് പതിക്കുന്നത്. സംഗീതം അറിവ് പൂർണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിള രക്ഷാധികാരി അരുൺ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കഥകളി കലാകാരൻ സദനം ഹരികുമാർ മുഖ്യാതിഥിയായിരുന്നു. അനസ്, സിനിമ താരം സാജു കൊടിയൻ, പിന്നണി ഗായിക ദലീമ, ഡയറക്ടർ ടി.ഡി. അനിൽകുമാർ, പ്രിൻസിപ്പൾ എം.പി. ദിവാകരൻ, റിട്ട. ഡിവൈഎസ്പി ആർ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.