ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ കൊച്ചിയിലെ വീട് സ്വന്തമാക്കാനൊരുങ്ങി ബിജെപി, മോദിയും കലാമും സന്ദര്‍ശിച്ചിട്ടുള്ള സദ്ഗമയ വാങ്ങാന്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയും, തടയിടാന്‍ സിപിഎം രംഗത്ത്

പ്രത്യേക ലേഖകന്‍

1മധ്യകേരളത്തില്‍ ബിജെപിക്ക് പുതിയ ആസ്ഥാനമൊരുങ്ങുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കൃഷ്ണയ്യര്‍ പിന്നീട് സാമൂഹിക ഇടപെടലിലൂടെ ശ്രദ്ധേയനായിരുന്ന കാലഘട്ടത്ത് ജീവിച്ചിരുന്നത് എറണാകുളത്തെ  ‘സദ്ഗമയ’ എന്ന വീട്ടിലായിരുന്നു. എറണാകുളം എം.ജി. റോഡില്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്തുള്ള വീട് വിലയ്ക്കു വാങ്ങാനാണ് ബിജെപിയുടെ നീക്കം. ഇതിനുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞെന്നാണ് സൂചന. ബിജെപി മധ്യകേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിനൊപ്പം ദേശീയ നേതാക്കള്‍ എത്തുമ്പോള്‍ താമസിക്കുന്നതിനും മറ്റുമായി ആസ്ഥാനമന്ദിരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഗമയയില്‍ നോട്ടമിട്ടിരിക്കുന്നത്. ദേശീയ നേതൃത്വമാണ് വി.ആര്‍. കൃഷ്ണയ്യരുടെ വീടിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കേരളത്തില്‍നിന്നും വ്യാപകമായ എതിര്‍പ്പുണ്ടായിരുന്ന വേളയില്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോഡി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ രണ്ടുതവണ സന്ദര്‍ശിച്ചിരുന്നു. ഇത് നടന്നത് സദ്ഗമയ എന്ന ഈ വീട്ടില്‍ വച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ഈ വീടുമായി അങ്ങനെയൊരു വൈകാരികബന്ധമുണ്ട്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം സദ്ഗമയ സന്ദര്‍ശിച്ചിട്ടുണ്ട്.

കൃഷ്ണയ്യരുടെ ചൈന്നെയില്‍ താമസിക്കുന്ന മകനുമായി രണ്ടുവട്ടം ചര്‍ച്ച ചെയ്തതായി ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിലകൂടുതലായതാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 11 സെന്റിലധികം വരുന്ന സ്ഥലവും വീടുമാണുള്ളത്. അഞ്ചുകോടിയോളം രൂപ സ്ഥലം വാങ്ങുന്നതിനായി വേണ്ടിവരുമത്രെ. ഇത് ഉയര്‍ന്ന വിലയാണെന്നാണ് പാര്‍ട്ടി പറയുന്നത്. മോദി വന്ന സ്ഥലം എന്ന വൈകാരികതയ്‌ക്കൊപ്പം കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലം എന്ന സവിശേഷതയും ‘സദ്ഗമയ’യില്‍ നോട്ടമിടാന്‍ ബിജെപി. നേതാക്കളെ പ്രേരിപ്പിത്. ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണമടക്കമുള്ള കാര്യങ്ങള്‍ക്കായി ബിജെപി. വിപുലമായ ഫണ്ടുപിരവ് ആരംഭിച്ചിരിക്കുകയാണ്. പണപ്പിരിവ് നടത്തിയാലും കൃഷ്ണയ്യരുടെ വീട് ബജറ്റില്‍ ഒതുങ്ങാന്‍ ഇടയില്ലാത്തതിനാല്‍ ഓഫീസിനായി മറ്റിടവും പാര്‍ട്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

കൃഷ്ണയ്യരുടെ വീട് സ്വന്തമാക്കാന്‍ ബിജെപി നീക്കം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ എതിര്‍നീക്കവുമായി സിപിഎമ്മും രംഗത്തുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിനാണ് ഇതിന്റെ ചുമതല. കൃഷ്ണയ്യരുടെ വീട് സംസ്ഥാന സര്‍ക്കാര്‍ മ്യൂസിയമാക്കണമെന്ന നിര്‍ദേശം അടുത്തുതന്നെ മുന്നോട്ടുവയ്ക്കാനും സാധ്യതയുണ്ട്. ഇതുവഴി ബിജെപിയുടെ കൈകളിലേക്ക് വീട് എത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. അവസാനകാലത്ത് ബിജെപി അനുകൂല നിലപാടുകളായിരുന്നു കൃഷ്ണയ്യരുടേത്. കൃഷ്ണയ്യരെ പോലൊരു വ്യക്തിത്വത്തിന്റെ ഭാവനം എന്ന നിലയിലും പാര്‍ട്ടിയ്ക്ക് അത് ഗുണം ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വം വിശ്വസിക്കുന്നത്.
2
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ പ്രധാനപ്പെട്ട കേന്ദ്രമായാണ് ബിജെപി നേതൃത്വം കാണുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചുവെങ്കിലും കേരളത്തില്‍ വേരുറപ്പിക്കാന്‍ സാധിക്കാത്തത് ബിജെപി നേതൃത്വം അതീവഗൗരവതരമായാണ് കാണുന്നത്. ഒരു എം.പിയെയെങ്കിലും 2019ല്‍ കേരളത്തില്‍നിന്നും ബിജെപിയ്ക്ക് ലോക്‌സഭയിലേക്കെത്തിക്കാന്‍ സാധിക്കണം എന്ന നിര്‍ദ്ദേശത്തോടെയുള്ള പ്രവര്‍ത്തനമാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനുള്ള ഒരുക്കങ്ങള്‍ എന്ന നിലയിലാണ് മധ്യകേരളത്തില്‍ ആസ്ഥാന മന്ദിരമെന്ന നിലയില്‍ എറണാകുളത്ത് കെട്ടിടങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ നടക്കുന്നത്. കലൂരില്‍ സ്ഥലം കണ്ടെത്തിയതായും വാര്‍ത്തയുണ്ട്. അങ്ങനെയെങ്കില്‍ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളിലുള്ളവര്‍ക്ക് വന്നാല്‍ താമസിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമൊക്കെയായി വിശാലമായ സൗകര്യത്തോടുകൂടിയ ഒരു സ്ഥലമായിരിക്കും അത്. എതായാലും ബിജെപി നീക്കത്തെ നേരിടാന്‍ സിപിഎം കച്ചകെട്ടി ഇറങ്ങുന്നതോടെ മറ്റൊരു വിവാദത്തിനാകും കേരളം സാക്ഷ്യം വഹിക്കാന്‍ പോകുക.

Related posts