ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ “മാജിക് കിഡ്’ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ പുലർച്ചെ രണ്ടിനാണ് താരം പറന്നിറങ്ങിയത്. മുംബൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ ബീബർ വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന കാഴ്ചകാണാൻ ആയിരക്കണക്കിന് ആരാധകരാണ് വെയിലുകൊണ്ടും ഉറക്കമിളച്ചും കാത്തിരുന്നത്.
ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ ക്രിക്കറ്റ് മൈതാനത്താണു പരിപാടി. ബീബറെ കാണാൻ കഴിഞ്ഞാലും അദ്ദേഹത്തിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാമെന്ന് ആരും കരുതേണ്ടതില്ല. താരവുമായി ഇടപഴകാനോ സെൽഫിയെടുക്കാനോ ആരാധകരെ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്. ബീബറിന്റെ സംഘാംഗങ്ങളെല്ലാം മുംബൈയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തന്നെ എത്തിയിരുന്നു.
വൻ നഗരം കണ്ട എക്കാലത്തേയും വലിയ സംഗീത പരിപാടിയെ വരവേൽക്കാൻ ഡ്രോണ്‍ അടക്കമുള്ള സംവിധാനവുമായി മുംബൈ പോലീസും വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 1500ലേറെ പോലീസുകാരെയാണ് പരിപാടിക്കായി നിയോഗിച്ചിരിക്കുന്നത്. അന്‍പതിനായിരത്തിലധികം പേർ സംഗീത പരിപാടി ആസ്വദിക്കാൻ എത്തുമെന്നാണ് കണക്കാക്കുന്നത്.