കഴിക്കാന്‍ 29 സംസ്ഥാനങ്ങളിലെ ഭക്ഷണം! കേരളത്തില്‍ നിന്ന് ആയുര്‍വ്വേദ ഉഴിച്ചില്‍ നടത്താന്‍ ആളുകള്‍; സമ്മാനമായി ആഡംബര വസ്തുക്കള്‍; ജസ്റ്റിന്‍ ബീബറിനായി ഇന്ത്യ ഒരുക്കിയത് ഇതൊക്കെ

JUSTINവിവാദങ്ങളുടെ കളിത്തോഴനാണ് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ലോകത്തെവിടെയായാലും അതിന് മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് മുംബൈയില്‍ പരിപാടിക്കെത്തിയപ്പോള്‍ ബീബര്‍ മുന്നോട്ട് വച്ച ചില വിചിത്രമായ ആവശ്യങ്ങള്‍. ബീബറിന്റെ ആവശ്യങ്ങള്‍ ഇവയാണ്. കഴിക്കുന്ന ഭക്ഷണത്തിനെല്ലാം തന്റെ ഗാനങ്ങളുടെ പേരിടണം, ദിവസേന മൂന്നര ലിറ്ററിലധികം ആല്‍മണ്ട് ചേര്‍ത്ത പാല്‍ കുടിക്കാന്‍ വേണം, തനിക്ക് മാത്രമായി ഒരു റോള്‍സ് റോയ്സ് കാര്‍ ലഭ്യമാക്കണം, റാഞ്ച് സോസ് ചേര്‍ത്ത പച്ചക്കറികള്‍ വേണം. വസ്ത്രം തൂക്കുന്ന 100 ഹാങ്ങറുകള്‍ വേണം, പരിപാടി നടത്തുന്ന സ്റ്റേഡിയത്തിലേക്ക് പറന്നിറങ്ങാന്‍ ഹെലികോപ്ടര്‍, സഞ്ചരിക്കാന്‍ പ്രൈവറ്റ് ജെറ്റ്, ആയുര്‍വേദ ഉഴിച്ചില്‍ നടത്താന്‍ കേരളത്തില്‍ നിന്ന് ലൈസന്‍സുള്ള സ്ത്രീ, നൂറിലേറെയുള്ള ടീമിന് യാത്ര ചെയ്യാന്‍ 10 ആഡംബര ബസ് തുടങ്ങിയവയായിരുന്നു ബീബറിന്റെ പ്രധാന ആവശ്യങ്ങള്‍. സുരക്ഷക്കായി 525 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്റ്റേഡിയത്തില്‍ വിന്യസിച്ചിരുന്നത്. മുംബൈ ലാവര്‍പരേലിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലിലെ മൂന്ന് നിലകളിലാണ് ബീബറും സംഘവും താമസിച്ചിരുന്നത്.

ബീബറിന്റെ ഇഷ്ടനിറമായ പര്‍പ്പിളിലാണ് മുറിയിലെ കാര്‍പ്പെറ്റ് അടക്കമുള്ള അലങ്കാരങ്ങള്‍ ഒരുക്കിയിരുന്നത്. ഒരു ലിഫ്റ്റ് ബീബറിന് വേണ്ടിമാത്രമുള്ളതായിരുന്നു. സോഫ സെറ്റ്, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, കപ്‌ബോര്‍ഡ്, മസാജ് ടേബിള്‍ എന്നിവയെല്ലാം പത്ത് വലിയ കണ്ടെയ്‌നറുകളിലായി മുംബൈയില്‍ എത്തിച്ചു. വിവിധങ്ങളായ എനര്‍ജി ഡ്രിംഗുകളും ഇഷ്ടപ്പെട്ട പഴങ്ങളും ലഘുഭക്ഷണങ്ങളും ഹോട്ടല്‍ മുറിയില്‍ റെഡിയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ട് ഷെഫുമാരാണ് ഭക്ഷണമൊരുക്കിയത്. ഓരോ നേരവും അഞ്ചു വീതം വ്യത്യസ്ത വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ഹോട്ടലിനുപുറത്ത് സഞ്ചരിക്കാന്‍ റോള്‍സ് റോയ്‌സ് വാഹനം ഒരുക്കിയിരുന്നു. സ്റ്റേഡിയത്തിലേക്ക് പോകാന്‍ ഹെലികോപ്ടര്‍ റെഡിയാക്കിയിരുന്നു. താരത്തിനൊപ്പമുള്ള 120 പേര്‍ക്ക് സഞ്ചരിക്കാന്‍ 10 അത്യാഢംബരകാറുകളും രണ്ട് വോള്‍വോബസ്സുകളും ഒരുക്കി. സല്‍മാന്‍ഖാന്റെ ബോഡിഗാര്‍ഡ് ആണ് ബീബറിന് സംരക്ഷണം ഒരുക്കിയത്. ബീബറിന് ഗംഭീര വരവേല്‍പാണ് ഇന്ത്യ നല്‍കിയത്. 29 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധതരം ഭക്ഷണങ്ങളാണ് ബീബറിന് നല്‍കിയത്. ഉസ്താദ് അംജദ് അലി ഖാന്‍ ഒപ്പിട്ട സരോദും സമ്മാനിച്ചു. അടുത്ത രണ്ട്ദിവസം ഡല്‍ഹി, ജയ്പൂര്‍, ആഗ്ര എന്നിവിടങ്ങളില്‍ ബീബര്‍ സന്ദര്‍ശനം നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച 9ന് ആരംഭിച്ച ജസ്റ്റിന്‍ ബീബറിന്റെ ലോകയാത്ര ഈവര്‍ഷം സെപ്തംബര്‍ 24ന് പൂര്‍ത്തിയാകും.

justin-bieber-gifts.png.image.470.246

ജസ്റ്റിന്‍ ബീബര്‍ ആവശ്യപ്പെട്ടതും അല്ലാത്തതുമായ ആഡംബരങ്ങളുടെ നടുവില്‍ താമസിച്ചും യാത്ര ചെയ്തും പാടിയും മടങ്ങുമ്പോള്‍ ചില ആഡംബര സമ്മാനങ്ങളും കൊടുത്താണ് ബീബറിനെ ഇന്ത്യക്കാര്‍ യാത്രയാക്കിയത്. വിശിഷ്ടമായ സമ്മാനങ്ങളാണ് ഇന്ത്യയിലെ വിവിധ ഡിസൈനര്‍മാരും സരോദ് മാന്ത്രികന്‍ ഉസ്ദാത് അംജദ് അലിഖാനും മറ്റ് അദ്യുദയാകാംക്ഷികളും ബീബറിനായി കാത്തുവച്ചിരിക്കുന്നത്. സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലി ഖാന്‍ കയ്യൊപ്പ് ചാര്‍ത്തിയ സരോദാണ് കൂട്ടത്തില്‍ ഏറ്റവും വിശിഷ്ടമായത്. ഡിസൈനര്‍ വരുണ്‍ ബാഹലിന്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യയുടെ പരമ്പരാഗത സംഗീതോപകരണങ്ങളെ അലങ്കരിച്ച് ബീബറിന് സംഗീത വിരുന്ന് ഒരുക്കുന്നത്. അദ്ദേഹത്തിന്റെ ക്രിയാത്മകതയിലാണു സിംഫണിയുടെ ഹാളും മറ്റും സജ്ജീകരിച്ചത്. പൂക്കള്‍ കൊണ്ടുള്ള ഡിസൈന്‍ തീര്‍ത്ത് അതു  മെറ്റാലിക് ഗോള്‍ഡ് കൊണ്ട് മനോഹരമാക്കിയ സില്‍ക്ക് തുണിയിലാണു സംഗീതോപകരണങ്ങള്‍ അലങ്കരിക്കുന്നത്. പതിവു രീതികളെ തിരുത്തിയുള്ള തന്റെ ഫാഷന്‍ നിലപാടുകളും ബീബറിന്റെ ഇഷ്ടവും ഇന്ത്യന്‍ മ്യൂസികിന്റെ പ്രൗഢിയും ചേര്‍ത്തുവച്ച ജാക്കറ്റാണു ഡിസൈനര്‍ രോഹിത് ബാഹല്‍ ബീബറിനു നല്‍കിയത്. കോട്ടണ്‍ വെല്‍വെറ്റ് ജാക്കറ്റ് ആണിത്. കറുത്ത നിറത്തിലുള്ള ജാക്കറ്റില്‍ തയ്യാറാക്കിയിരുന്ന ഡിസൈന്‍ കണ്ണഞ്ചിപ്പിക്കും.

പ്രശസ്ത ജൂവലറി നിര്‍മാതാക്കളായ സ്വാരോവ്‌സ്‌കിയില്‍ നിന്നു വാങ്ങിയ സെക്വിനും ക്രിസ്റ്റലുകളും ചേര്‍ത്തുള്ള എംബ്രോയ്ഡറിയാണു ജാക്കറ്റിലുണ്ടാകുക. ബീബറിനു മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയ്ക്കും സമ്മാനങ്ങള്‍ നല്‍കി. ബീബറിന്റെ അമ്മയ്ക്ക് ഒരു ലോങ് ഫ്‌ലോര്‍ ജാക്കറ്റ് ആണു ഡിസൈനര്‍ അനാമിക ഖന്ന സമ്മാനിച്ചത്. ചന്ദേരി സില്‍ക്കില്‍ കൈത്തുന്നലും ഇന്ത്യയുടെ ആദിവാസി ശൈലികളും ചേര്‍ത്തുവച്ചാണ് ജാക്കറ്റ് തീര്‍ത്തത്. പ്ലാറ്റിനത്തിലും സ്വര്‍ണത്തിലും തീര്‍ത്ത തോരണമാലയും ബീബറിന്റെ സമ്മാനമായി നല്‍കി ഡിസൈനര്‍മാരായ റിദ്ദിമ കപൂര്‍ സാഹ്നി. മറ്റൊരു ഡിസൈനറായ അമിത് അഗര്‍വാള്‍ സമ്മാനിച്ച ജാക്കറ്റ് തീര്‍ത്തും വ്യത്യസ്തമായ വസ്തുക്കള്‍ ഉപയോഗിച്ചാണു പൂര്‍ത്തിയാക്കിയത്. പോളിമര്‍ ഷീറ്റുകളും ഖാദിയുമായിരുന്നു ജാക്കറ്റിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചത്. ജിയോമെട്രിക് ലൈന്‍സും മെറ്റാലിക് ത്രെഡുകളും ഉപയോദിച്ച് ഇന്തോ-വെസ്റ്റേണ്‍ ശൈലിയിലുള്ള ഒരു ഷര്‍ട്ട് ആണ് കൃഷ്ണ മെഹ്ത സമ്മാനിച്ചത്. ഇതിനെല്ലാത്തിലുമുപരി പ്രാസെന്‍ജിത് ദാസ് സ്വന്തം കൈകൊണ്ട് ഗ്രാഫിതി ഡിസൈന്‍ പെയിന്റ് ചെയ്ത് നിര്‍മിച്ച ജാക്കറ്റും ബീബറിനായി തീര്‍ത്തു.

Related posts