ഭൂതകാലം വളരെ മോശമായിട്ടുള്ള പലരും ഭാവിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നത് വാര്‍ത്തയാവാറുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ വളരെ സാധാരണമായ ഒരു തയ്യല്‍ കുടുംബത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന ജസ്റ്റിന് ഫെര്‍ണാണ്ടസ് എന്ന യുവാവ് കൈവരിച്ചിരിക്കുന്ന നേട്ടമാണ് ഇന്ന് വളരെയധികം വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മാതൃകയും കേരളത്തിന് മുഴുവന്‍ അഭിമാനവുമായിരിക്കുന്നത്.
ചെറുപ്പക്കാലത്ത് റേഷനരിയെ മാത്രം ആശ്രയിച്ച് സര്‍ക്കാരില്‍ നിന്നുള്ള സബ്സിഡികൊണ്ടും മറ്റും ജീവിതം തള്ളിനീക്കിയ കൊല്ലം സ്വദേശി ജസ്റ്റിന് ഫെര്‍ണാണ്ടസ് നാഗ്പൂര്‍ ഐ.ഐ.എമ്മില്‍ നിന്ന് പഠിച്ചിറങ്ങിയ ഉടനെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാല്യൂ ലാബ്സ് എന്ന കമ്പനി കൊത്തിയെടുത്തിരിക്കുന്നത്.
അസോസിയേറ്റഡ് ഡയറക്ടറായി നിയമിതനായ ജസ്റ്റിന്റെ ശമ്പളം വര്‍ഷം 19 ലക്ഷം രൂപയാണ്. പരമ്പരാഗതമായി തയ്യല്‍ ഉപജീവനമായി സ്വീകരിച്ചവരാണ് ജസ്റ്റിന്റെ കുടുംബം. എന്നാല്‍ കാലം പുരോഗമിച്ച കൂട്ടത്തില്‍ ഈ ഉപജീവനമാര്‍ഗം കൂപ്പുകുത്തി. എന്നാല്‍ പഠനത്തില്‍ മിടുക്കനായ ജസ്റ്റിന്റെ പഠനച്ചിലവ് ബന്ധുവായ സ്ത്രീ ഏറ്റെടുത്തതോടെ ജസ്റ്റിന് തുടര്‍ന്ന് പഠിക്കാമെന്നായി.
തിരുവനന്തപുരം എഞ്ചിനീറിംഗ് കോളജിലാണ് ജസ്റ്റിന് ബിടെക്ക് പഠിച്ചത്. സ്കോളര്‍ഷിപ്പുകളായിരുന്നു പിന്നീട് ജസ്റ്റിന്റെ പിടിവള്ളി. പഠനശേഷം രണ്ടു വര്‍ഷത്തോളം ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി നോക്കി. തുടര്‍ന്നാണ് നാഗ്പൂര്‍ ഐഐഎമ്മില്‍ ചേര്‍ന്ന് പിജി ചെയ്തതും ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി നേടിയിരിക്കുന്നതും.