ലണ്ടന്‍: ഉത്തേജക മരുന്നു വിവാദം തന്നെ ഞെട്ടിക്കുന്നുവെന്ന് ലോകചാമ്പ്യൻഷിപ്പിലെ വേഗതാരം ജസ്റ്റിന് ഗാട്ലിന്. താനൊരിക്കലും പ്രകടനം മെച്ചപ്പെടുത്താൻ നിരോധിത മരുന്നുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗാട്ലിൻ പറഞ്ഞു.
പരിശീലകന് ഡെന്നിസ് മിച്ചലിനും ഏജന്റ് റോബര്‍ട്ട് വാഗ്നര്ക്കുമെതിരേയാണ് ഇത്തവണ ആരോപണമുണ്ടായിരിക്കുന്നത്. ദ ഡെയ്ലി ടെലിഗ്രാഫ് എന്ന പത്രത്തിന്റെ അന്വേഷണാത്മക പരമ്പരയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ അമേരിക്കന്‍ സ്പ്രിന്റര്മാരെയും പോലെ നിരോധിച്ച ഉത്തേജക മരുന്നുകള്‍ ഗാട്ലിന് ഉപയോഗിച്ചതായി ഇരുവരും പറയുന്നതായും ഡെയ്ലി ടെലിഗ്രാഫ് പുറത്തു വിട്ട വീഡിയോയിലുണ്ട്.
രണ്ടര ലക്ഷം ഡോളര്‍ നല്കിയാല് ടെസ്റ്റോസ്റ്റെറോണ്‍ ഉള്‍പ്പടെയുള്ള ഹോര്‍മോണ്‍ മരുന്നുകള്‍ എത്തിച്ചു നല്‍കാമെന്നും ഇരുവരും വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. സ്പോര്‍ട്സ് സിനിമയ്ക്കായി വിവരങ്ങള്‍ ശേഖരിക്കുന്ന ഫിലിം കമ്പനി പ്രതിനിധികള്‍ എന്ന വ്യാജേനയെത്തിയ ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍മാരുടെ ഒളികാമറയിലാണ് മിച്ചലും വാഗ്നറും കുടുങ്ങിയത്. സംഭവമറിഞ്ഞ ഗാട്ലിന് ഇരുവരെയും പുറത്താക്കിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
താന്‍ ഉത്തേജക മരുന്നുപയോഗിച്ചു എന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഗാട്ലിന് പറഞ്ഞു. താന്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കാറില്ല എന്നും താരം പറഞ്ഞു. എന്നാല്‍ ഡെയ്ലി ടെലിഗ്രാഫ് പുറത്തുവിട്ട വാര്‍ത്ത വ്യാജമാണെന്ന നിലപാടിലാണ് കോച്ചും ഏജന്റും. തന്റെ വാക്കുകള്‍ കൊണ്ട് ഗാട്ലിനും മറ്റു താരങ്ങള്‍ക്കും ഏല്‍ക്കേണ്ടി വന്ന അപമാനത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും അന്വേഷണവുമായി ആവുംവിധം സഹകരിക്കുമെന്നും വാഗ്നര്‍ പറഞ്ഞു.
മുന്‍ ഒളിമ്പിക് റിലേ ചാമ്പ്യനായ ഡെന്നിസ് മിച്ചല്‍, കരിയറില്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കു നേരിടേണ്ടി വന്നിട്ടുള്ള കായികതാരമാണ്. വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ യുഎസ് ആന്റി ഡോപിംഗ് ഏജന്‍സി (ഉസാഡ) അന്വേഷണം ആരംഭിച്ചു. വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി (വാഡ)യും അന്വേഷണത്തിനു സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കി 100 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ് ജസ്റ്റിന് ഗാട്ലിന്. ഉത്തേജകമരുന്നു വിവാദത്തെത്തുടര്‍ന്ന് രണ്ടു തവണ വിലക്കേര്‍പ്പെടുത്തപ്പെട്ട ഗാട്ലിന്റെ തിരിച്ചു വരവുകൂടിയായിരുന്നു ഇത്. 2001ല്‍ ഒരു വര്‍ഷത്തേക്കും 2006ല്‍ നാലു വര്‍ഷത്തേക്കുമാണ് ഗാട്ലിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി ഒരു ഉത്തേജകമരുന്നു ടെസ്റ്റുകളിലും ഗാട്ലിന് പോസിറ്റീവല്ല എന്ന് താരത്തിന്റെ അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തി.