കനേഡിയന്‍ പ്രധാനമന്ത്രിയുടെ മകന് പന്തെറിഞ്ഞു കൊടുത്ത് കപില്‍ദേവ്! നിര്‍ദേശം നല്‍കി അസഹ്‌റുദ്ദീന്‍; ഗ്രൗണ്ടിലിറങ്ങി കളിയാസ്വദിച്ച് ജസ്റ്റിന്‍ ട്രൂഡോ; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരങ്ങളായ അസ്ഹറുദ്ദീനും കപില്‍ ദേവിനൊപ്പം ക്രിക്കറ്റ് പരിശീലനത്തിനിറങ്ങി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും. ഡല്‍ഹി മോഡേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ട്രൂഡോയും കുടുംബവും ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍മാര്‍ക്കൊപ്പം അല്‍പ്പസമയം ചെലവഴിച്ചത്. ജസ്റ്റിന്‍ ട്രൂഡോ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത് അമ്മാനാമാടി നീങ്ങുന്ന വീഡിയോ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്ത് വിട്ടു.

ഒപ്പം ട്രൂഡോയുടെ മകന്‍ ബാറ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അസഹ്റുദ്ദീന്‍ ട്രൂഡോയുടെ മകന് ബാറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നതും കപില്‍ദേവ് പന്തെറിഞ്ഞ് കൊടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ട്രൂഡോയും കുടുംബവും ഇന്ത്യയിലെത്തിയത്. വ്യാഴാഴ്ച രാവിലെ ദല്‍ഹിയിലെ ജുമാ മസ്ജിദ് സന്ദര്‍ശിച്ച ശേഷമാണ് ട്രൂഡോയും കുടുംബവും  ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്.

ഇന്ത്യക്കാര്‍ വളരെയധികം ജീവിക്കുന്ന കാനഡയിലെ പ്രധാനമന്ത്രിയും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം ഇന്ത്യയിലെത്തിയിട്ടും നരേന്ദ്രമോദി തിരിഞ്ഞുപോലും നോക്കിയില്ലെന്നത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദമായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളില്‍ പെട്ടതിനാലാണ് ട്രൂഡോയേയും കുടുംബത്തെയും വേണ്ടരീതിയില്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നാണ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.

അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രപും അതുപോലെ മറ്റുപല നേതാക്കളും ഇന്ത്യയിലെത്തിയപ്പോള്‍ മോദിയുടെ സമീപനം ഇങ്ങനെയായിരുന്നില്ലല്ലോയെന്നും വിമര്‍ശകര്‍ ചോദ്യം ഉന്നയിച്ചിരുന്നു.

Related posts