ഏറ്റവും ആരാധകരുള്ള ഗായകരിൽ ഒരാളാണ് ജസ്റ്റിൻ ബീബർ. അതുപോലെ ആരാധകരുമായി ചെറുതും വലുതുമായ ഏറെ പ്രശ്നങ്ങളുണ്ടാക്കിയ താരങ്ങളിലൊരാളും ബീബർ തന്നെ. മിക്ക സംഗീത പരിപാടികൾക്കിടയിലും ഇതുപോലെ എന്തെങ്കിലുമൊക്കം സംഭവിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു ആരാധകൻ ബീബറിനു നേരേ ഷൂ വലിച്ചെറിഞ്ഞതാണ് പുതിയ സംഭവം. സ്റ്റോക്ക്ഹോമിൽ നടന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണു സംഭവം. താൻ ആവശ്യപ്പെട്ട പാട്ട് പാടാൻ താരം വിസമ്മതിച്ചതാണ് ആരാധകനെ ചൊടിപ്പിച്ചത്. ആരാധകരുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ബീബറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഷൂ പാറിപ്പോയി.
സ്പാനിഷ് വരികളുള്ള ഡെസ്പാസീറ്റോ… എന്ന പാട്ട് പാടാൻ താരം വിസമ്മതിച്ചതാണ് ആരാധകനെ നിരാശയിലാഴ്ത്തിയതും ഷൂ വലിച്ചെറിയാൻ പ്രേരിപ്പിച്ചതെന്നുമാണു വിവരം. ബീബറിന്‍റെ ഏറ്റവും ശ്രദ്ധേയമായൊരു ഗാനം കൂടിയാണിത്. ഈ പാട്ട് പാടാൻ ആവശ്യപ്പെട്ട പ്രേക്ഷകരോട് ചെറിയ നീരസം പ്രകടിപ്പിച്ച് സംസാരിച്ച് നിൽക്കുന്നതിനിടയിലാണ് ഷൂ പറന്നെത്തിയത്.
താരം ഈ പാട്ട് പാടാത്തതിനു മറ്റൊരു കാരണം കൂടിയുണ്ടെന്നാണു വിലയിരുത്തൽ. പോയ മാസം നടന്നൊരു സംഗീത പരിപാടിയിൽ പാട്ടിലെ രസകരമായ സ്പാനിഷ് വരികൾ താരം മറന്നുപോയിരുന്നു. സ്റ്റേജിൽ നിന്ന് വരികൾ തപ്പിത്തടയുന്ന ബീബറിന്‍റെ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഇതാവാം പാട്ട് പാടാൻ വിസമ്മതിച്ചതിനു കാരണം എന്നും അനുമാനമുണ്ട്. പാട്ടിനെ ബീബർ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ട് സംഗീത മേഖലയിലെ വിദഗ്ധരും എഴുത്തുകാരുമൊക്കെ അന്ന് രംഗത്തെത്തിയിരുന്നു.