പാലക്കാട്: കൊഴിഞ്ഞാന്പാറ കുലുക്കപ്പാറയിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലുൾപ്പെട്ട 17 കാരനെ ഒരു വർഷം തൃശൂർ സ്പെഷൽ ഹോമിൽ താമസിപ്പിച്ച് കൗണ്‍സിലിംഗ് ഉൾപ്പെടെയുളള സ്വഭാവ പരിഷ്കരണ പരിശീലനങ്ങൾ നൽകാൻ ജൂവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടു. ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കെ.ബി വീണ, അംഗങ്ങളായ ഡോ. ഏലിയാമ്മ സിസിലി എന്നിവരാണ് ഉത്തരവിട്ടത്.
2011 നവംബർ 14 നാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറെമുറി സുബ്രഹ്മണ്യന്റെ മകൻ പ്രദീപ് കുമാറിനെയാണ് കുലുക്കപ്പാറയിലുളള ശ്മശാനത്തിന് സമീപത്തുളള റോഡിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ 17 കാരനൊപ്പം ഉൾപ്പെട്ടിരുന്ന ശിവമണി, സജിത്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവമണിയുടെ സഹോദരൻ ശിവപ്രകാശിനെ സംഭവത്തിന് ഒരു വർഷം മുന്‍പ്, മരിച്ച പ്രദീപ് കൂമാർ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
ഇതേ തുടർന്നുളള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടത്.
ചിറ്റൂർ സർക്കിൽ ഇൻസ്പെക്ടർ സണ്ണി ചാക്കോയുടെ നേതൃത്വത്തിൽ കൊഴിഞ്ഞാന്പാറ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രോസിക്യൂഷനുവേണ്ടി സീനിയർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേം നാഥ് ഹാജരായി. മുതിർന്ന പ്രതികളുടെ വിചാരണ പാലക്കാട് ജില്ലാ കോടതിയിൽ നടക്കുകയാണ്.