പ്രത്യേക ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ 1,200 ബാലമന്ദിരങ്ങൾ അടച്ചുപൂട്ടുന്നതോടെ ഈ സ്ഥാപനങ്ങളിലെ 52,600 വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസം പ്രതിസന്ധിയിൽ. കുട്ടികളെ തെരുവിലേക്കു വലിച്ചെറിയുന്നതോടെ പഠനം തുടരാനാകാതെ ഇത്രയും കൗമാരങ്ങൾ തെരുവിൽ അലയും. ഇതു സംസ്ഥാനത്തു കുറ്റവാളികളുടെ എണ്ണം കൂട്ടുമെന്ന് ആശങ്കയുണ്ടെന്ന് പോലീസിലെ ഉയർന്ന ഓഫീസർമാർ. ഇത്രയും കുട്ടികൾ പഠനം നിർത്തിയാൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾ പലതും അടച്ചുപൂട്ടേണ്ടിവരുമെന്ന് അധ്യാപക സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾക്കു ശ്രമിക്കുന്നുണ്ട്. സംസ്ഥാന അനാഥശാല നിയന്ത്രണ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണു നിയമക്കുരുക്കുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അടച്ചുപൂട്ടുന്നത്.കേരളത്തിലെ ബാലമന്ദിരങ്ങളെ കേന്ദ്രസർക്കാർ 2015ൽ പാസാക്കിയ ജുവനൈൽ ജസ്റ്റീസ് നിയമമനുസരിച്ചുകൂടി രജിസ്റ്റർ ചെയ്യണമെന്നു സംസ്ഥാന സർക്കാർ കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കമായത്.
ജുവനൈൽ ജസ്റ്റീസ് നിയമത്തിനു പരിധിയിൽ വരാത്ത സ്ഥാപനങ്ങളാണ് കേരളത്തിലുള്ള മിക്കവയും. മാതാപിതാക്കളില്ലാത്ത കുട്ടികളും നിയമപരമായി പ്രതിസന്ധികളുള്ള കുട്ടികളും പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുമാണ് ജുവനൈൽ ജസ്റ്റീസ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. എന്നാൽ, വീട്ടിൽ വളർത്താനും പഠിപ്പിക്കാനും സാന്പത്തികശേഷിയില്ലാത്തതിനാൽ മാതാപിതാക്കൾ ബാലമന്ദിരങ്ങളിൽ പ്രവേശിപ്പിച്ചു പഠിപ്പിക്കുന്ന കുട്ടികളാണ് സംസ്ഥാനത്തെ ബാലമന്ദിര അന്തേവാസികൾ.
ഇവർ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല.ഭീമമായ സാന്പത്തികചെലവു വരുത്തുന്നതും സ്ഥാപനത്തിന്റെ മേൽനോട്ട ചുമതല സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്യുന്നതാണു ജുവനൈൽ ജസ്റ്റീസ് നിയമം. 50 കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ സർക്കാർ നിർദേശിക്കുന്ന യോഗ്യതകളും ശന്പളവുമുള്ള 15 ജീവനക്കാർ വേണമെന്നാണ് ഒരു നിർദേശം. യഥാർഥത്തിൽ ഇത്രയും ജീവനക്കാരുടെ ആവശ്യമില്ല.
ജീവനക്കാർക്കുള്ള ഭീമമായ ശന്പളം സർക്കാർ നൽകുമെന്നു പറയുന്നില്ല. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറാണ് സ്ഥാപനത്തിന്റെ മാനേജിംഗ് കമ്മിറ്റി കണ്വീനറെന്നു നിയമം അനുശാസിക്കുന്നു. ഇതോടെ മാനേജ്മെന്റിനു സ്ഥാപന നടത്തിപ്പിൽ ഒരു സ്ഥാനവുമില്ലാതാകും. സ്ഥാപനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കാനുള്ള അധികാരവും സർക്കാരിനാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റി നിർദേശിക്കുന്ന കുട്ടികൾക്കേ ബാലമന്ദിരത്തിൽ പ്രവേശനം നല്കാനാകൂ.
ഇത്രയും കടുത്ത നിയമങ്ങൾ പാലിച്ചുകൊണ്ട് ബാലമന്ദിരങ്ങൾ നടത്താനാകില്ലെന്നാണു മിക്ക സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരുടെ നിലപാട്. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികളെയാണ് അനാഥശാല നിയന്ത്രണ ബോർഡിനു കീഴിലുള്ള ബാലമന്ദിരങ്ങളിൽ പാർപ്പിച്ചു പഠിപ്പിക്കുന്നത്. സ്പോണ്സർമാരെ കണ്ടെത്തി പഠിപ്പിച്ച് ഡോക്ടറും എൻജിനിയറും മാനേജ്മെന്റ് വിദഗ്ധരുമാക്കിയ മിടുക്കർ അനവധിയാണ്.
ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷൻ നടത്താൻ സംസ്ഥാന സർക്കാർ അനുവദിച്ച അവസാന ദിനം ഇന്നലെ അവസാനിച്ചു. അടച്ചുപൂട്ടാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള 200 സ്ഥാപനങ്ങളുടെ അപേക്ഷ നേരത്തെ ഓർഫനേജ് കണ്ട്രോൾ ബോർഡ് പാസാക്കിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിനു മുന്നിൽ ഇത്തരത്തിലുള്ള 500 സ്ഥാപനങ്ങളുടെ അപേക്ഷയാണ് എത്തിയത്. ഈ അപേക്ഷകൾ അനുവദിച്ചിട്ടില്ല.
അനുവദിച്ചാൽ സംസ്ഥാനത്തു വൻ പ്രതിസന്ധിക്കു വഴിയൊരുക്കുമെന്നു സർക്കാരിനു റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.ഗുരുതരമായ പ്രതിസന്ധി സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ച ദീപികയുടെ വിവിധ സ്ഥലങ്ങളിലുള്ള ഓഫീസുകളുമായി നിരവധി ബാലമന്ദിരങ്ങളുടെ മേധാവികൾ നേരിട്ടും ഫോണ് മുഖേനയും ബന്ധപ്പെട്ടു. തങ്ങളും സ്ഥാപനങ്ങളുടെ നടത്തിപ്പിൽനിന്നു പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ടാണ് അവർ മടങ്ങിയത്.