അശ്വതി ജ്വാല എന്ന പെണ്‍കുട്ടിയെ ഏവര്‍ക്കും അറിയാം. തിരുവനന്തപുരത്തെ തെരുവുകളില്‍ ആര്‍ക്കും വേണ്ടാതെ ഒരു നേരത്തെ അന്നത്തിനായി കാത്തിരിക്കുന്ന തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണപ്പൊതിയുമായെത്തുന്ന പെണ്‍കുട്ടി. സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കായി അശ്വതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന് ഇതിനകം നിരവധി ശ്രദ്ധേയപ്രവര്ത്തനങ്ങള് നടത്തിയിട്ടുണ്ട്. വികലാംഗരെ സഹായിക്കാനായി ജ്വാല ഫൗണ്ടേഷന് തിരുവനന്തപുരം നഗരത്തില്‍ പെട്ടിക്കടകള്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ പെട്ടിക്കട ലഭിച്ച രതീഷ് എന്ന യുവാവിന്റെ കട എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സര്‍ക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം കൈയേറ്റം ചെയ്യാതെ നടന്നു വരുന്ന ഇത്തരം കടകള്‍ പൂട്ടിക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ട്രെയിന്‍ അപകടത്തില്‍ കൈപ്പത്തിയും, കാല്പത്തിയും നഷ്ടമായ രതീഷ് നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാനാണ് പിഡബഌുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ജ്വാലയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളെ സമീപിച്ചുവെങ്കിലും കളിയാക്കലും പരിഹാസവുമായിരുന്നു ഫലം. സര്‍ക്കാരിന്റെ നീക്കത്തിനെതിരേ അശ്വതി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ഇപ്പോള്‍ സൈബര്‍ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ജ്വാലയുടെ ചലിക്കുന്ന പെട്ടിക്കടകള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. വികലാംഗരായവര്‍ക്കും തെരുവില്‍ ഒറ്റപെടുന്നവര്‍ക്കും വേണ്ടിയാണിത്.യാതൊരു വഴി തടസവും സൃഷ്ടിക്കാതെ ചലിക്കുന്ന പെട്ടിക്കടകള്‍ ആണിത്. ഞങ്ങള്‍ സര്‍ക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം കൈയേറി ഇല്ല, എന്നിട്ടും മൂന്ന് വര്‍ഷം മുന്‍പ് ട്രെയിന്‍ അപകടത്തില്‍ കൈപ്പത്തിയും, കാല്പത്തിയും നഷ്ടമായാ രതീഷ് (31) നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാന്‍ പിഡബഌുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു വഴുതക്കാട് നോട്ടീസ് നല്കി. ഇതുപ്രകാരം സാവകാശം വേണമെന്ന അപേക്ഷയുമായി ഈ വികലാംഗനെയും കൊണ്ട് എല്ലാ സര്‍ക്കാര്‍ ഓഫീസിലും ഇന്നലെ കയറി ഇറങ്ങി. കളിയാക്കലും പരിഹാസവുമാണ് മറുപടി. പെട്ടികട എടുത്തുമാറ്റാന്‍ ഞങ്ങള്‍ കൊണ്ട്രക്ടര്‍മാരെ ചുമതലപെടുതിയിട്ടുണ്ട് അവരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പെട്ടിക്കട പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകും എന്നാണ് മറുപടി. ഇവിടെ വികലാംഗരായി കുടുംബം പുലര്‍ത്തുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?
യാചകരെ സൃഷ്ടിക്കുന്നത് ഗവര്‍ണമെന്റ് തന്നെ അല്ലെ? ഒരു കാര്യം ഉറപ്പാണ് ഇത് എന്റെ വൈകാരികമായ പ്രഖ്യാപനം ഒന്നും അല്ല, ജ്വാലയുടെ ഒരു പെട്ടിക്കട മാത്രമായി പൂജപ്പുര പോലീസ് വാഹനത്തില്‍ കയറ്റില്ല. ഒപ്പം രതീഷിന്റെയും എന്റെയും ശവം കൂടി അതിനകത്ത് കയറും. ഇവിടെ വികലാംഗരായി വീടുകളില്‍ ജീവച്ഛവമായി ജീവിക്കുന്നവര്‍ക്ക് വേണ്ടി ഞങ്ങളുടെ മരണത്തിലൂടെ എങ്കിലും ഒരുത്തരം ഉണ്ടാകട്ടെ. രതീഷിനു അഞ്ചു വയസായ മകള്‍ ഉള്‍പെടുന്ന കുടുംബം ഉണ്ട്. 20,000 രൂപയ്ക്ക് ഒരു ചലിക്കുന്ന പെട്ടികട ഞങ്ങള്‍ കൊടുക്കുന്നത് ഒരുപാട് പേരുടെ ചോര നീരാക്കിയ പണം കൊണ്ടാണ്. അതില്‍ തൊടുന്നവര്‍ ആദ്യം ഇവര്‍ എങ്ങനെ ജീവിക്കണം എന്ന് പറയാനുള്ള ആര്‍ജവം കൂടി കാണിക്കണം-അശ്വതി ജ്വാല …