ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തമിഴ് നടൻ വിഷ്ണു വിശാലും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിന് ബലമേകുന്ന ചില ചിത്രങ്ങളും ഇതിനിടയിൽ പുറത്തുവന്നു. ഇപ്പോൾ ആരാധകരുടെ എല്ലാ സംശയങ്ങൾക്കും മറുപടി ജ്വാല ഗുട്ട തന്നെ നൽകിയിരിക്കുകയാണ്.
തങ്ങളുടെ ബന്ധം വളരെ സീരിയസാണെന്ന് ജ്വാല പറയുന്നു. വിഷ്ണുവിന്റെ സിനിമാലോകത്തെ തിരക്ക് അറിഞ്ഞു തന്നെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടതെന്നും ജ്വാല അറിയിച്ചു. “”വിഷ്ണുവുമായി കണ്ടുമുട്ടുന്നത് അവിചാരിതമായിട്ടാണ്. പക്ഷേ പിന്നീട് പലതവണ കണ്ടു; അത് അടുപ്പമായി. ഇപ്പോൾ ഞങ്ങളുടെ ബന്ധം വളരെ സീരിയസാണ്.
എന്റെ സ്പോർട്സ് ജീവിതത്തിന് അദ്ദേഹം വളരെ പിന്തുണ നൽകുന്നുണ്ട്. ഞാൻ ഹൈദരാബാദിലും വിഷ്ണു ചെന്നൈയിലുമാണ് താമസിക്കുന്നതെങ്കിലും അദ്ദേഹം എന്നെ കാണാൻ ഇടയ്ക്കിടെ ഹൈദരാബാദിൽ വരാറുണ്ട്. എന്തായാലും ഞങ്ങളുടെ ബന്ധത്തെപ്പറ്റി ഇപ്പോൾ എല്ലാവർക്കും അറിയാം”- ജ്വാല പറയുന്നു.
2009ൽ പുറത്തിറങ്ങിയ വെണ്ണിലാ കബഡിക്കുഴു എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിശാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തിയത്. 2018ൽ പുറത്തിറങ്ങിയ രാക്ഷസൻ എന്ന ചിത്രമാണ് തെന്നിന്ത്യയിലുടനീളം വിഷ്ണുവിനെ പ്രശസ്തനാക്കിയത്. 2011ൽ വിഷ്ണു വിവാഹിതനായെങ്കിലും 2018ൽ വിവാഹമോചനം നേടി.