പെരുമ്പടവ്: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായി സോഷ്യൽ മീഡിയവഴി പ്രചാരണത്തിനുള്ള വീഡിയോകൾ തയാറാക്കുന്ന ആറാം ക്ലാസുകാരൻ ശ്രദ്ധേയനാകുന്നു.
അതും സ്റ്റുഡിയോ റെക്കോർഡിംഗ് സംവിധാനങ്ങളൊന്നുമില്ലാതെ കേവലം മൊബൈൽ ഫോണിന്റെ സാങ്കേതിക സാധ്യതകളെ മാത്രം പ്രയോജനപ്പെടുത്തി.
എടക്കോത്തെ സാമൂഹ്യപ്രവർത്തകനായ ജോസുകുട്ടി ചുക്കനാനിലിന്റെ മകൻ ജെസ്വിൻ ജോസുകുട്ടിയാണ് ചുരുങ്ങിയ ചെലവിൽ വിവിധ പാർട്ടികളിൽപ്പെട്ട സ്ഥാനാർഥികൾക്കായി മികച്ച നിലവാരമുള്ള വീഡിയോകൾ തയാറാക്കിനൽകുന്നത്.
ഇതിനകം കോൺഗ്രസ്, ബിജെപി പാർട്ടികൾക്കുള്ള വിവിധ വീഡിയോകൾ തയാറാക്കി നൽകിക്കഴിഞ്ഞു. വീഡിയോയ്ക്കുള്ള ശബ്ദവും മറ്റു നിർദേശങ്ങളും നൽകി അച്ഛൻ ജോസുകുട്ടിയും ജെസ്വിന് പൂർണപിന്തുണ നൽകുന്നുണ്ട്.
കോവിഡ് കാലത്ത് കുട്ടികളുടെ വിവിധ മേഖലയിലുള്ള കഴിവുകളെ ലോകത്തിനുമുന്നിൽ കൊണ്ടുവരാൻ ജെസ്വിൻ ആരംഭിച്ച കുട്ടി റേഡിയോ ഡോട്ട് കോം എന്ന യൂട്യൂബ് ചാനലും സമൂഹത്തിന്റെ പിന്തുണയും ശ്രദ്ധയും നേടിയിരുന്നു.
പെരുമ്പടവ് സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കൻ.