വളപട്ടണം: അഴീക്കോട് സർക്കാർ വൃദ്ധമന്ദിരത്തിന്റെ മേട്രൻ പാപ്പിനിശേരി പാന്പാലയിലെ പി. ജോത്സ്ന ജീവനൊടുക്കിയ സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു. വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകുന്നേരം അഴീക്കോട്ടെ വൃദ്ധ സദനത്തിലെത്തി സൂപ്രണ്ടിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്ന് ആത്മഹത്യ ചെയ്ത ജ്യോത്സ്നയുടെ പാപ്പിനിശേരിയിലെ വീട്ടിലെത്തിയും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു.
ജീവനക്കാരി മരിക്കാനിടയായ കാരണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നതെന്ന് വളപട്ടണം സിഐ എം. കൃഷ്ണൻ പറഞ്ഞു.
മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.ഒക്ടോബർ എട്ടിന് വൃദ്ധ സദനത്തിലെ ചില പരാതികളെ തുടർന്ന് സാമൂഹിക നീതി വകുപ്പ് സംസ്ഥാന ഡയറക്ടർ ജ്യോത്സ്നയെ സസ്പെൻഡ് ചെയ്തിരുന്നു.
ചില ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ച പരാതികളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തതിൽ മനം നൊന്താണ് അവർ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. വൃദ്ധ സദനത്തിലെ അവശതയുള്ള ഒരു അന്തേവാസിയെ പരിചരിച്ചതുമായി ബന്ധപ്പെട്ടാണ് ജ്യോത്സ്നയെ സസ്പെൻഡ് ചെയ്തത്.
അന്നു മുതൽ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. നാറാത്തെ പരേതനായ പണ്ടാരപ്പുരയിൽ നാരായണന്റെയും കമലയുടെയും മകളാണ് ജ്യോത്സ്ന. ഭർത്താവ്: പി.പി. മുരളീധരൻ. മക്കൾ: അർജുൻ, അമല.