ബംഗളൂരു: തന്നെ മരണത്തിന്റെ വക്കിലെത്തിച്ച ആ ഭീകരനിമിഷങ്ങൾ ഒരിക്കൽക്കൂടി ജ്യോതി കണ്ടു. ഇത്തവണ വെള്ളിത്തിരയിലാണെന്നു മാത്രം. എല്ല് നുറുങ്ങുന്ന വേദനയിലും തളരാതെ ജീവിതത്തിലേക്കു തിരിച്ചുവരാൻ കാട്ടിയ ആ മനോധൈര്യമായിരുന്നു അപ്പോഴും നാല്പത്തിനാലുകാരിയായ ജ്യോതിയുടെ മുഖത്ത് തെളിഞ്ഞത്.
ബംഗളൂരുവിലെ മലയാളി ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി ഉദയിനു നേരെ എടിഎം കൗണ്ടറിലുണ്ടായ ആക്രമണത്തെ അടിസ്ഥാനമാക്കി ‘ഷുദ്ധി’ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ജ്യോതിയുടെ കുടുംബത്തിനു മാത്രമായി സിനിമയുടെ പ്രത്യേകം പ്രദർശനവും നടത്തി. ഈ പ്രദർശനത്തിലാണ് ജ്യോതി താൻ അനുഭവിച്ച ക്രൂരത വെള്ളിത്തിരയിൽ ഒരിക്കൽക്കൂടി കണ്ടത്. സിനിമ സമൂഹത്തിനു നല്ല സന്ദേശം നല്കുന്നതാണെന്ന് ജ്യോതി അഭിപ്രായപ്പെട്ടു.
ആദർശ് ഈശ്വരപ്പ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഷുദ്ധി’ യിൽ കന്നഡ താരങ്ങളായ ലോറൻസ് പാർട്ടാനോ, അമൃത കരഗദ, നിവേദിത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നല്കാനാണ് എടിഎം ആക്രമണം സിനിമയാക്കിയതെന്ന് സംവിധായകൻ പറഞ്ഞു.കോർപറേഷൻ ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി 2013 നവംബർ 19നാണ് എടിഎമ്മിൽ പണമെടുക്കാൻ കയറിയപ്പോൾ ആക്രമണത്തിനിരയായത്.
മൂന്നുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കാതായതോടെ കർണാടക പോലീസ് ഈ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ, കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിലെ പ്രതിയായ ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശി മധുകർ റെഡ്ഡിയെ ചിറ്റൂർ പോലീസ് പിടികൂടിയത്.