ഗുരുവായൂർ: ഗോരഖ്പൂരിലെ ആശുപത്രി ദുരന്തം കാൻവാസിൽ പകർത്തിയ ഗുരുവായൂരിലെ ചിത്രകാരൻ ജ്യോതി ബാസിന് ദേശീയ അംഗീകാരം. പോണ്ടിച്ചേരി ആർട്ട് അകാദമി ദേശീയ തലത്തിൽ നടത്തിയ ആർട്ട് എക്സിബിഷനിലാണ് ജ്യോതിബാസിന്റെ “റിമംബറിംഗ് ബ്ലാക്ക് ഡേ’ എന്ന ചിത്രം അവാർഡ് നേടിയത്.
ഗോരഖ്പൂരിലെ ആശുപത്രി ദുരന്തമായിരുന്നു ചിത്രത്തിലെ പ്രേമേയം.അക്രിലിക് മീഡിയത്തിലാണ് ചിത്രം വരച്ചിട്ടുള്ളത്.ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുത്ത 50 ചിത്രകാരന്മാരുടെ രചനകളാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്. തൃശൂർ കോളജ് ഓഫ് ഫൈനാർട്സിൽനിന്ന് ചിത്രകലാപഠനം പൂർത്തിയാക്കിയ ജ്യോതിബാസ് നിരവധി ചിത്രകലാ എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
നെന്മിനി സ്വദേശിയായ ജ്യോതിബാസ് ജീവിത ബുദ്ധിമുട്ടുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് എക്സിബിഷനുകളിൽ പങ്കെടുക്കുന്നത്. ചുമർചിത്ര രചനയിലൂടെയും ശില്പ നിർമാണത്തിലൂടെയുമാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. നല്ലൊരു നാടക കലാകാരൻ കൂടിയാണിദ്ദേഹം. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ 10,000 രൂപയും ശില്പവും അടങ്ങുന്ന അവാർഡ് ജ്യോതിബാസ് ഏറ്റുവാങ്ങി.