അനിൽ തോമസ്
തൃശൂർ വടക്കാഞ്ചേരി വെട്ടിക്കാട്ടിരി ജ്യോതി എൻജിനിയറിംഗ് കോളജിന്റെ വിശാലമായ കാന്പസിലെ കാറ്റിനൊരു സംഗീതമുണ്ട്. ചുളമടിക്കുന്ന ഇളംകാറ്റിൽ സംഗീതം പൊഴിച്ച് നൃത്തമാടുന്ന മുളങ്കൂട്ടങ്ങൾ.
ഉയരത്തിലും നിറത്തിലും പടർപ്പിലും ഇലച്ചാർത്തിലും വ്യത്യസ്തമായ മുളങ്കൂട്ടങ്ങൾ ഇവിടെ കാനനപ്രതീതി ജനിപ്പിക്കുന്നു.
ഹരിതാഭ കാന്പസിന്റെ ഓരോ ഇടങ്ങളിലും കാഴ്ചയുടെ വിരുന്നൊരുക്കുന്ന മുളങ്കാടുകളുടെ പരിപാലകൻ കോളജിന്റെ ഡയറക്ടറായ ഫാ. വടക്കൻ ഇട്ടൂപ്പ് റോയ് എന്ന റോയ് ജോസഫ് അച്ചനാണ്.
പതിനൊന്ന് വർഷങ്ങൾക്കു മുൻപ് അസിസ്റ്റന്റ് പ്രഫസറായി ഫാ. റോയി ജോസഫ് എത്തുന്പോൾ ജ്യോതി കാന്പസ് നിറയെ റബർ മരങ്ങളായിരുന്നു.
പത്ത് മുളകൾ നട്ട് തുടങ്ങിയ പരിശ്രമത്തിലൂടെ ജ്യോതി എൻജിനിയറിംഗ് കോളജിന് മുളങ്കാടിന്റെ അപാര സൗന്ദര്യം പകർന്നുനൽകാനായ സംതൃപ്തിയിലാണ് ഫാ. റോയി.
ഒരോ ഇനം വ്യത്യസ്ത മുളയുടെയും തൈകൾ അതിസൂക്ഷ്മതയോടെയാണ് നട്ടുപരിപാലിച്ചത്. കാലത്തിന്റെ വളർച്ചയിൽ അതു മുളങ്കൂട്ടങ്ങളായി പന്തലിച്ചു കാന്പസിനു കുളിർമ പകരുന്നു.37 ഏക്കറിൽ വിസ്തൃതമായ കാന്പസിൽ ആറ് ഏക്കറിലാണു റോയ്അച്ചൻ മുളകൾ വളർത്തിയിരിക്കുന്നത്.
പീച്ചി വനം ഗവേഷണ കേന്ദ്രത്തിൽനിന്ന് കൊണ്ടുവന്ന പറമുള, ലാത്തിമുള, വള്ളിമുള തുടങ്ങി 16 ഇനത്തിൽപ്പെട്ട 350 മുളങ്കൂട്ടങ്ങളുണ്ട് കാന്പസിൽ.
വലിയ ഉയരമുള്ളതും വണ്ണം കുറഞ്ഞതും വള്ളിപോലെ പടരുന്നതുമൊക്കെയായി വ്യത്യസ്ത ഇനങ്ങൾ. കടും പച്ച മുതൽ കടുംമഞ്ഞ വരെ നിറഭേദങ്ങൾ. ഓരോ വർഷവും നൂറും അതിലേറെയും പുതിയ തൈകൾ നട്ട് മുളയുദ്യാനം വിപുലമാക്കുന്നു.
ശ്വസിക്കാൻ ശുദ്ധമായ ഓക്സിജൻ ഫാക്ടറിയാക്കി ജ്യോതി എൻജിനിയറിംഗ് കോളജിനെ മനോഹരമാക്കണമെന്ന പരിസ്ഥിതി പ്രതിബദ്ധതയാണ് മുളകൾ വച്ചുപിടിപ്പിക്കാൻ ഫാ.റോയി ജോസഫിനെ പ്രേരിപ്പിച്ചത്.
മറ്റു വൃക്ഷങ്ങളെക്കാൾ 35 ശതമാനത്തിലേറെ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി മുളകൾക്കുണ്ട്. മാത്രമല്ല, ഒരേക്കർ മുളകൾക്ക് ആ പ്രദേശത്തെ 80 ടണ് കാർബണ് ഡയോക്സൈഡ് വലിച്ചെടുക്കാനാകും.
ഉരുൾപൊട്ടൽപോലുള്ള പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാനുള്ള കരുത്ത് മുളകളുടെ വേരുകൾക്കുണ്ട്. പ്രകൃതി ഒരുക്കുന്ന മുളങ്കാടുകളുടെ തണലും തണുപ്പം പ്രശാന്തമായ അന്തരീക്ഷവും വിദ്യാർഥികളുടെ പഠനത്തിന് സഹായകരമാണ്.
ഒപ്പം മനസിന് ശാന്തതയും സന്തോഷവും കുളിർമയും പകരുകയും ചെയ്യും. മുളകൾ മാത്രമല്ല വൈവിധ്യമാർന്ന ഒട്ടേറെയിനം മരങ്ങളും കാന്പസിൽ നട്ടുവളർത്തുണ്ട്. എല്ലാ മരങ്ങളിലും പതിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ആ മരങ്ങളുടെ സസ്യശാസ്ത്രം ആഴത്തിൽ വായിച്ചറിയാം.
ഇന്ത്യയാണ് മുളകളുടെ ജൻമദേശം. ആഗോളതാപനത്തെ ചെറുക്കാൻ ഏറ്റവും ഉത്തമമായ ഈ വൃക്ഷം പാവപ്പെട്ടവന്റെ തടി എന്നും അറിയപ്പെടുന്നു. കരകൗശല വസ്തുക്കളുടെയും വീടുകളുടെയും കടലാസിന്റെയും നിർമാണത്തിൽ മുളയുടെ പങ്ക് പ്രധാനമാണ്.
കാന്പസിൽ മുളകൊണ്ടുള്ള ഒരു കഫേറ്റീരിയയാണു ഫാ. റോയിയുടെ പുതിയ ആശയം. ചെറുതുരുത്തിയിലെ മുള സംഗീത സംഘവുമായി ചേർന്നു പുതിയ പരിപാടികളും ആലോചനയിലുണ്ട്.
കുട്ടിക്കാലത്ത് മുളങ്കാടുകൾക്കിടയിൽ കളിച്ചുവളർന്നതിന്റെ മധുരഓർമകളാണു മുളകളോടുള്ള ഫാ.റോയി ജോസഫിന്റെ താൽപര്യത്തിനു പിന്നിൽ.
ഏനമ്മാവ് വടക്കൻ ഇട്ടൂപ്പ്- മാർഗിലി ദന്പതികളുടെ ഇളയ മകനായ റോയി പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം ബംഗളുരു ക്രൈസ്റ്റ് കോളജിൽ നിന്ന് എംബിഎയും നാഷണൽ ലോ സ്കൂളിൽ നിന്ന് നിയമപഠനവും പൂർത്തിയാക്കി.
തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഡയറക്ടറായിരിക്കെയാണ് 2010 ൽ എൻജിനിയറിംഗ് കോളജിലേക്കുള്ള നിയമനം. ഇപ്പോൾ കോളജിന്റെ ഡയറക്ടറും ഇവിടെ അധ്യാപകനുമാണ് ഫാ.റോയ് ജോസഫ്. കോവിഡ് വ്യാപനത്തിനു മുൻപ് വരെ മുള ദിനാചരണം കാന്പസിൽ വലിയ ആഘോഷമായിരുന്നു.