തിരുവന്തപുരത്തും പത്തനാപുരത്തുമെല്ലാം രാഹുല്‍ ഗാന്ധി സംസാരിച്ച വേദികളില്‍ അദ്ദേഹത്തേക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചതും താരമായതും അദ്ദേഹത്തിന്റെ പരിഭാഷകയായിരുന്ന ജ്യോതി വിജയകുമാറാണ്. രാഹുല്‍ ഗാന്ധിയുടെ സംസാരത്തിന്റെ ആവേശം തെല്ലും ചോര്‍ത്താതെ അദ്ദേഹം പറഞ്ഞ മുഴുവന്‍ കാര്യങ്ങളും വള്ളിപുള്ളി വിടാതെ ജ്യോതി ആളുകളില്‍ എത്തിച്ചു. അതേസമയം ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടിയുള്ള പി. ജെ. കുര്യന്റെ പരിഭാഷ വന്‍ പരാജയമാവുകയും ചെയ്തതോടെ ജ്യോതിക്ക് ഇതെങ്ങനെ സാധിച്ചു എന്ന അമ്പരപ്പിലാണ് ജനം മുഴുവന്‍. അതിന്റെ രഹസ്യമെന്തെന്ന് ജ്യോതി തന്നെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തു. അവരുടെ വാക്കുകളിങ്ങനെ…
നല്ല ടെന്‍ഷനുണ്ടായിരുന്നു.. തുടങ്ങുന്നതുവരെ ഭയങ്കര ടെന്‍ഷനായിരുന്നു.. പിന്നെ ചെയ്ത് കഴിയുമ്പോള്‍ നമ്മളുടെ എനര്‍ജി ലെവല്‍ വേറെയാകും… അതിലേക്ക് അങ്ങ് ആയിപ്പോകും. എന്റെ വിഷയം സോഷ്യോളജിയാണ്.. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പി.ജിയുണ്ട്. എല്‍.എല്‍.ബിയിലും പി.ജിയുണ്ട്. ജൂനിയര്‍ വക്കീലായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ചെന്നൈയില്‍ ജേര്‍ണലിസ്റ്റായിരുന്നു. ഐ.ടി ഫീല്‍ഡിലും വര്‍ക്ക് ചെയ്തിരുന്നു.
കെ.എസ്.യുവിലൂടെയാണ് ഞാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍ ആയിരുന്നു. അതുകഴിഞ്ഞ് സിവില്‍ സര്‍വീസ് കോച്ചിംഗുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. അതുകൊണ്ട് പിന്നെ രാഷ്ട്രീയപ്രവര്ത്തനത്തിലേക്കൊന്നും ഉണ്ടായിരുന്നില്ല. 2011 ലാണ് ആദ്യം രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നത്. അച്ഛന് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ പിന്നെ രാഷ്ട്രീയത്തില്‍ കുറച്ചുകൂടി ആക്ടീവായി… സോണിയാജിയുടെ പ്രസംഗത്തിന്റെ പരിഭാഷ ചെയ്യുന്നത് 2014 ലായിരുന്നു. അത് നന്നായിരുന്നു എന്ന് എല്ലാവരും അന്ന് അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കോര്‍ ടീമിലുമുണ്ട്..
രാഹുല്‍ജിയുടെ എല്ലാ പ്രസംഗങ്ങളും വിടാതെ കേള്‍ക്കുന്നത് കൊണ്ട് രാഹുല്‍ജിയുടെ ഒരു ആശയം എന്തായിരിക്കും എന്ന് എനിക്കറിയാം. രാഹുല്‍ജിയുടെ എല്ലാ പ്രസംഗവും എഫ്.ബി ലൈവ് വഴി ഞാന്‍ കേള്‍ക്കും. അപ്പോള്‍ തന്നെ വീട്ടിലിരുന്ന് പലപ്പോഴും ട്രാന്‍സ്ലേറ്റ് ചെയ്ത് നോക്കാറുണ്ട്. അറിയാത്ത വാക്കുകളുണ്ടെങ്കില്‍ അതിന് എന്ത് മലയാളത്തില്‍ പറയുമെന്ന് അന്വേഷിക്കും, കണ്ടുപിടിക്കും..
അതുകൊണ്ട് രാഹുല്‍ജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്യണമെങ്കില്‍ ഹോം വര്‍ക്കില്ലാതെ പറ്റില്ലെന്ന് നിസംശയം പറയാം… അദ്ദേഹത്തിന്റെ ശബ്ദവുമായും അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുമായും ഒക്കെ ഒരു പരിചയമുണ്ടെങ്കിലേ നമുക്ക് സ്റ്റേജില്‍ നില്ക്കുമ്പോള് പെട്ടെന്ന് അത് പരിഭാഷപ്പെടുത്താന്‍ കഴിയുകയുള്ളൂ…
ചെങ്ങന്നൂരില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി വിജയകുമാര്‍. നേരത്തെയും രാഹുലിന്റെ പ്രസംഗത്തിന്റെ പരിഭാഷക ആയിട്ടുണ്ട് ജ്യോതി. ഇത് അഞ്ചാം തവണയാണ് ജ്യോതി രാഹുല്‍ഗാന്ധിയുടെ പരിഭാഷക ആകുന്നത്. നേരത്തെ സോണിയാ ഗാന്ധിയുടെ പ്രസംഗവും ജ്യോതി പരിഭാഷപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍, സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന കുട്ടികളുടെ അധ്യാപികയാണ് മുപ്പത്തൊമ്പതുകാരിയായ ജ്യോതി.