വിവാഹാനന്തരം സിനിമയിൽ സ്ത്രീകളുടെ പ്രായം കൂടുകയും അവർ പതിയെ അവസരങ്ങളില്ലാതെ പുറത്താകുകയും ചെയ്യുന്പോൾ നായകന്മാർക്ക് സിനിമയിൽ സജീവമാകുന്നതിന് അനുസരിച്ച് പ്രായം കുറഞ്ഞുകുറഞ്ഞു വരുമെന്നും നടി ജ്യോതിക. ഒരു നായകന് സിനിമയിൽ എന്തിനാണ് മൂന്നും നാലും നായികമാർ ഒരു നായിക പോരെയെന്നും ജ്യോതിക ചോദിക്കുന്നു. നായികമാർ വെറും കാഴ്ച വസ്തുക്കളായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. നടിമാരെ നായകന്മാർക്കൊപ്പം ആട്ടവും പാട്ടും നടത്താനും ഗ്ലാമർ പ്രദർശിപ്പിക്കാനും ദ്വയാർഥ സംഭാഷണങ്ങൾ പറഞ്ഞു പരിസഹിക്കാനുമുള്ള കേവല വസ്തുവായിട്ടാണ് പരിഗണിക്കുന്നത്. ദയവുചെയ്ത് നടിമാരെ ഇങ്ങനെ തരം താഴ്ത്തരുതെന്ന് പ്രമുഖ സംവിധായകരോട് താൻ അപേക്ഷിക്കുകയാണെന്നും ജ്യോതിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭാര്യയെ പിന്തുണച്ച് സൂര്യയും എത്തി. സമൂഹത്തോട് ഉത്തരവാദിത്വം പ്രകടിപ്പിക്കുന്ന സിനിമ ചെയ്യുമെന്നും ഇക്കാര്യത്തിൽ സ്ക്രീനിലെ തന്റെ കഥാപാത്രത്തെ കൂടുതൽ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു. മകളീർ മട്ടും സിനിമ നിർമിച്ചതിന് ഭർത്താവിനോട് ജ്യോതിക നന്ദിയും പറഞ്ഞു. സൂര്യയുടെ മാതാവ് ലക്ഷ്മി ശിവകുമാർ ഉൾപ്പെടെ സിനിമയിലെ അണിയറക്കാരുടെ കുടുംബങ്ങളെ വച്ച് ഒരു സംഗീത ആൽബവും പുറത്തിറക്കിയിട്ടുണ്ട്. ഗിബ്രാനാണ് പാട്ടിന് സംഗീതം നൽകിയിട്ടുള്ളത്.