തെന്നിന്ത്യയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വളരെയധികം ആരാധകരെ നേടിയെടുത്ത നടിയാണ് ജ്യോതിക. തെന്നിന്ത്യയുടെ പ്രിയതാരവും നടന് സൂര്യയുടെ പ്രിയപത്നിയുമായ ജ്യോതിക, വിവാഹശേഷം അഭിനയ ലോകത്തോട് വിടപറഞ്ഞ് കുടുംബജീവിതത്തിലേയ്ക്ക് ഒതുങ്ങുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മുപ്പത്താറാം വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയും വീണ്ടും പ്രേക്ഷകരുടെ മനസിലേയ്ക്ക് കുടിയേറുകയുമുണ്ടായി.
അഭിനയം കൊണ്ടു മാത്രമല്ല തിളക്കമാര്‍ന്ന പെരുമാറ്റം കൊണ്ടും ജനങ്ങളെ അമ്പരപ്പിക്കുന്നതില്‍ ജ്യോതിക അന്നും ഇന്നും മിടുക്കിയാണ്. ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയുടെ പുരസ്കാരവേദിയില്‍ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലും ഒപ്പം, സിനിമാലോകത്തും ചര്‍ച്ചയായിരിക്കുന്നത്. സംവിധായകന് പ്രിയദര്‍ശനില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ജ്യോതിക വളരെയധികം വികാരാധീനയായാണ് സംസാരിച്ചത്.
എന്റെ ജീവിതത്തിന് പിന്നില്‍ ഒരുപാട് സ്ത്രീകളുണ്ട് എന്ന് തുടങ്ങുന്നതായിരുന്നു ജ്യോതികയുടെ പ്രസംഗം. ‘ആദ്യത്തേത്, എന്റെ അമ്മയാണ്. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു. ‘ജോ, നീ ആളുകളെ നേര്‍ക്കുനേര്‍ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. നിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം, നിനക്ക് ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോകണം’. അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്’. ജ്യോതിക പറയുന്നു.
തുടര്‍ന്ന് സൂര്യയുടെ അമ്മ ലക്ഷ്മി ശിവകുമാറിനും ജ്യോതിക നന്ദി പറഞ്ഞു. കുടുംബത്തിന്റെ നിലനില്പും ജീവിതമൂല്യവും പഠിപ്പിച്ചത് അവരാണ്. ലക്ഷ്മി അമ്മ ഒരു രാജ്ഞിയാണ്. കാരണം അവര്‍ ഒരു രാജകുമാരനെയാണ് വളര്‍ത്തിയെടുത്തത്. ഒരു രാജ്ഞിക്ക് മാത്രമേ രാജകുമാരനെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ഇന്നത്തെ സമൂഹത്തില്‍ ഭാര്യയാണ് ഭര്ത്താക്കന്മാരെ നേര്‍വഴിക്ക് നടത്തി കുട്ടികളെയും വളര്‍ത്തി നേരെയാക്കേണ്ടത്.ജ്യോതിക കൂട്ടിച്ചേര്‍ത്തു. ‘അമ്മ അവരുടെ മകനെ എനിക്കുള്ള രാജകുമാരനായി വളര്‍ത്തി വലുതാക്കി. ഞാനിവിടെ നില്ക്കാന് കാരണവും അതുതന്നെ. ഞാന്‍ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത് ആ അമ്മ കാരണമാണ്’. ജ്യോതിക പറയുന്നു.