ജ്യോതിക നായികയാകുന്ന നാച്ചിയാർ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കട്ടക്കലിപ്പിലാണ് ചിത്രത്തിൽ ജ്യോതികയെന്നു ട്രെയിലറിൽ വ്യക്തം. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിൽ ജ്യോതിക എത്തുന്ന ചിത്രത്തിൽ ജി.വി. പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ കഥാപാത്രമെന്ന് ട്രെയിലർ കണ്ടാൽ തോന്നും. 1980 ൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാർ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
കുടുംബത്തിലെ ഒന്പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം. മടങ്ങി വരവിനു ശേഷമുള്ള ജ്യോതികയുടെ മൂന്നാമത്തെ ചിത്രമാണ് നാച്ചിയാർ. ഹൗ ഓൾഡ് ആർ യു എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. തുടർന്ന് മഗിളർ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും അഭിനയിച്ചു.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഇതിന് മുന്പും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഓഫീസറുടെ വേഷം ആദ്യമാണ്. അതും റൗഡി പൊലീസ്. ഒരു ടിപ്പിക്കൽ ചേരി വാസിയായിട്ടാണ് ജി.വി. പ്രകാശ് ചിത്രത്തിലെത്തുന്നത്. പതിവ് ബാല ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ കഥാപാത്രത്തിനും സാമ്യതകൾ ഏറെയാണ്.
നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ വൻ വിവാദമായിരുന്നു. ടീസറിൽ ജ്യോതിക ഉപയോഗിച്ച അശ്ലീല വാക്കാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ പിന്നീടത് ചിത്രത്തെ ബാധിച്ചില്ല. ഒരുമിനിട്ട് 28 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിന്ന് ചിത്രത്തിന്റെ സ്വഭാവം ഏകദേശം മനസിലാക്കാനാകും.