കണ്ണൂർ: നിരവധി പേരിൽനിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ അധ്യാപികയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് നീർക്കടവ് ഗവ.യുപി സ്കൂൾ അധ്യാപികയും നാറാത്ത് സ്വദേശിയുമായ കെ.എൻ. ജ്യോതിലക്ഷ്മി (47)യെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ കണ്ണൂരിലെ അപ്പാർട്ട്മെന്റിലാണു താമസം.
അഴീക്കോട് ഓലാടത്താഴെയിലെ ചന്ദ്രോത്ത് മുകുന്ദന് തളിപ്പറന്പിനടുത്ത് കൂവത്ത് സ്ഥലംവാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് 40 ലക്ഷം രൂപ വാങ്ങി മുങ്ങിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കതിരൂരിൽ കർഷകനായ കുഞ്ഞിക്കൃഷ്ണനിൽനിന്ന് 20 ലക്ഷം രൂപ വാങ്ങുകയും പണം തിരിച്ചുചോദിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിനടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം മകളുടെ വിവാഹ ആവശ്യത്തിനു പണം ആവശ്യപ്പെട്ടു വീണ്ടും ജ്യോതിലക്ഷ്മിയെ നിരന്തരം വിളിക്കുകയും ചെയ്തെങ്കിലും പണം നൽകിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തതായും പിന്നീട് പണം തിരിച്ചുനൽകാത്തതിൽ മനംനൊന്ത് ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കണ്ണൂർ ടൗണിലെ ടാക്സി ഡ്രൈവർക്ക് നാലു ലക്ഷം രൂപ നൽകാതെ തട്ടിപ്പ് നടത്തിയ കേസിലും ജ്യോതിലക്ഷ്മി പ്രതിയാണ്. പലപ്പോഴായി ഉല്ലാസയാത്ര നടത്തിയ വകയിലാണു നാലു ലക്ഷം രൂപ ടാക്സി ഡ്രൈവർക്കു നല്കാനുള്ളതെന്നു പറയുന്നു. കണ്ണൂർ ടൗൺ, തലശേരി, കതിരൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരേ കേസ് നിലവിലുണ്ട്. മുങ്ങിനടക്കുന്ന ഇവർക്കെതിരേ പോലീസ് വാറണ്ടുമുണ്ട്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണു ജ്യോതിലക്ഷിയുടെ ഭർത്താവ്. എംബിബിഎസിനു പഠിക്കുന്ന മകളും എൻജിനിയറിംഗിനു പഠിക്കുന്ന മകനും ഇവർക്കുണ്ട്.