കൊല്ലങ്കോട്: വീട്ടിനകത്ത് അവശനിലയിൽ കണ്ടെത്തിയ മുതലമട പഞ്ചായത്ത് സെക്രട്ടറി മരിച്ചു. കൊല്ലങ്കോട് എസ്.വി.സ്ട്രീറ്റ് ഉല്ലാസ് നഗറിൽ രാജീവ് കുമാറിന്റെ ഭാര്യ ജ്യോതി (42) ആണ് ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ മരിച്ചത്. ജോലി സംബന്ധമായി ഇവർക്ക് മാനസിക സമ്മർദം ഉണ്ടായിരുന്നതായി പറയുന്നു.
ശനിയാഴ്ച രാത്രി പത്തുമണിയോടെ ഉറങ്ങാൻ കിടന്ന ജ്യോതിയെ പന്ത്രണ്ടേകാലോടെ ശ്വാസം മുട്ടലുള്ള നിലയിൽ കാണുകയായിരുന്നുവെന്നു ഭർത്താവ് രാജീവ് കുമാർ പോലീസിന് മൊഴിനല്കിയിട്ടുണ്ട്. ഉടൻ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും പാലക്കാട്ടേ സ്വകാര്യ ആശു്പത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ നിന്നും സൂചന ലഭിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു .ജില്ലാ ആശുപത്രിയിൽ ഞായറാഴ്ച നടന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. ഏക മകൾ ദേവി കൊല്ലങ്കോട് യോഗിനിമാത സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്.