ജ്യോതിഷിയുടെ പ്രവചനത്തിൽ വിശ്വസിച്ചു പെണ്കുട്ടി ശിലയായി മാറുന്നതും കാത്തിരുന്ന മാതാപിതാക്കളും വിശ്വാസികളും നിരാശരായി മടങ്ങി. സംഭവം തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ്. മകൾക്ക് 12 വയസാകുന്പോൾ ശിലയായി മാറുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിൽ വിശ്വസിച്ചു രക്ഷിതാക്കൾ മകളെ ഒരുക്കി ക്ഷേത്രനടയിൽ ഇരുത്തി.
ഇതറിഞ്ഞ് നൂറു കണക്കിനു വിശ്വാസികളും കാഴ്ച കാണാൻ ക്ഷേത്രസന്നിധിയിൽ എത്തി. തമിഴ്നാട് പുതുക്കോട്ടൈ മണമേൽക്കുടി സമീപം അമ്മാ പട്ടണത്തിലാണു സംഭവം നടന്നത്. അമ്മാ പട്ടണം സ്വദേശി പഴനിയുടെയും ലക്ഷ്മിയുടെയും 12 വയസുള്ള മകൾ മാസിലയെയാണ് ശിലയാകുമെന്ന വിശ്വാസത്തിൽ ക്ഷേത്ര നടയ്ക്കിരുത്തിയത്. കുട്ടി മൂവന്നൂരിൽ സർക്കാർ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുകയാണ്.
രക്ഷിതാക്കൾ മകൾ സ്വാമിയായി മാറുമെന്നു വിശ്വസിച്ചിരുന്നു. കുട്ടിയുടെ ജാതകവുമായി പ്രവചനക്കാരന്റെ അടുത്തെത്തിയപ്പോൾ 12-ാം വയസിൽ കുട്ടി ശിലയായി മാറുമെന്നായിരുന്നു മറുപടി കിട്ടിയത്. ഇതിൽ അന്ധമായി വിശ്വസിച്ച രക്ഷിതാക്കൾ ജൂലൈ രണ്ടിനു കുട്ടിയുടെ പന്ത്രണ്ടാമത് ജന്മദിനം ആഘോഷിച്ചു.
വീട്ടിൽ പ്രത്യേക പൂജകൾ നടത്തി വൈകുന്നേരത്തോടെ കുട്ടിയെ പട്ടുസാരി ഉടുപ്പിച്ചു തലയിൽ മുല്ലപ്പൂ ചൂടി മണമേൽക്കൂടി വടക്കൂർ അമ്മൻ ക്ഷേത്രത്തിൽ എത്തിച്ചു നടയിൽ ഇരുത്തി. ജീവനുള്ള കുട്ടി ശിലയായി മാറുമെന്ന വിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിൽ ഓടിയെത്തി.
ഇതിൽ വിശ്വാസികളും കാഴ്ചക്കാരും ഉണ്ടായിരുന്നു. ചില സ്ത്രീകൾ ഭക്തി ലഹരിയിൽ നൃത്തംചെയ്തു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി ശിലയാകാത്തതിനാൽ ഒടുവിൽ രക്ഷിതാക്കൾ കുട്ടിയെ വീട്ടിലേക്കു തിരികെ കൊണ്ടുപോയി. കാഴ്ചക്കാരും ജാള്യതയോടെ പിരിഞ്ഞു.