
കാട്ടാക്കട : അരിച്ചാക്ക് മാത്രമല്ല വേണമെങ്കിൽ പാറ പോലും എടുക്കും ഈ കൊറോണ കാലത്ത് പഞ്ചായത്ത് പ്രസിഡന്റ് അനിൽ. സമൂഹ അടുക്കളയിലേക്ക് അരിച്ചാക്ക് ചുമക്കുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നാട്ടിലെ കൊറോണ കാലത്ത് കൗതുകമാകുന്നു.
ആര്യങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.അനിലാണു സാധനങ്ങൾ ചുമടെടുത്ത് അടുക്കളയിൽ എത്തിക്കുന്നത്.
മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിന്റ് സമൂഹ അടുക്കളയിലേക്കു വാഹനത്തിൽ എത്തിച്ച അരിച്ചാക്കുകൾ പരസഹായമില്ലാതെ അനിൽ ചുമക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി.
മികച്ച കർഷകനായ അനിൽ സ്വന്തം കൃഷിയിടത്തിലേക്കുള്ള വളമുൾപ്പെടെയുളള സാധനങ്ങൾ ചുമക്കുന്നത് പതിവാണ്. അതിനാൽ ചുമടെടുപ്പ് പ്രയാസകരമായി തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
അടുക്കളയിൽ നിൽക്കുന്ന സമയങ്ങളിൽ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തുമ്പോൾ യാതൊരു വൈമനസ്യവും കൂടാതെ പ്രസിഡന്റ് ചുമലിലേറ്റുമെന്നു സഹപ്രവർത്തകർ പറയുന്നു. ഇവിടുത്തെ അടുക്കളയിൽനിന്നു ദിവസേന 250 ഓളം പേർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.